കേരള ലോട്ടറി ഓൺലൈനായും ഹോം ഡെലിവറിയായും ലഭിക്കുമെന്ന പ്രചരണം വ്യാജം
കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ വീട്ടിലിരുന്ന് വാങ്ങാമെന്നും, ഓൺലൈൻ വഴി വിൽപ്പന നടത്താമെന്നും, അംഗീകാരമില്ലാത്ത വ്യക്തികൾ/സ്ഥാപനങ്ങൾ വഴി വിൽപ്പനയുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവും നിയമവിരുദ്ധവുമാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന ലോട്ടറി വകുപ്പ് അനുവദിച്ചിട്ടില്ല. ഇത്തരത്തിലുള്ള പോർട്ടലുകൾ വഴി ടിക്കറ്റുകൾ ലഭ്യമാകില്ല. ലോട്ടറി ടിക്കറ്റുകൾ ഹോം ഡെലിവറി ആയോ കൊറിയർ മുഖേനയോ വിതരണം ചെയ്യുന്നത് ലോട്ടറി വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.
സംസ്ഥാന സർക്കാർ അംഗീകരിച്ച, ലൈസൻസുള്ള ഭാഗ്യക്കുറി ഏജന്റുമാർ വഴിയും വിൽപ്പനക്കാർ വഴിയും മാത്രമാണ് ടിക്കറ്റുകൾ വിൽപ്പന നടത്തേണ്ടത്. അംഗീകാരമില്ലാത്ത മറ്റാർക്കും വിൽപ്പനയ്ക്കുള്ള അവകാശമില്ല.
ഓൺലൈനിലും മറ്റും കാണുന്ന ഇത്തരം നിയമവിരുദ്ധ പരസ്യങ്ങളിൽ വിശ്വസിച്ച് പണം കൈമാറുന്നത് സാമ്പത്തിക നഷ്ടത്തിനും തട്ടിപ്പിനും ഇടയാക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ലോട്ടറി നിയമങ്ങളും വകുപ്പ് നിർദ്ദേശങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമാനുസൃതമായ കർശന നടപടികൾ ലോട്ടറി വകുപ്പ് സ്വീകരിക്കും.
ഇത്തരം അനധികൃത പരസ്യങ്ങളോ വിൽപ്പനശ്രമങ്ങളോ ശ്രദ്ധയിൽപ്പെടുന്ന പക്ഷം, ഉടൻ തന്നെ സമീപത്തെ ജില്ലാ ഭാഗ്യക്കുറി ഓഫീസിലോ അല്ലെങ്കിൽ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിലോ വിവരം അറിയിച്ച് സഹകരിക്കുക. വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.













