മുഖ്യമന്ത്രിയുടെ പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജം


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുഖ്യമന്ത്രിയുടേതെന്ന പേരിൽ "സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇത്, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ് വേണ്ടത്" എന്ന തരത്തിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിലെ സാഹചര്യവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ പേരിൽ വ്യാജമായി പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്റാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) നിന്നോ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നോ പുറപ്പെടുവിച്ച പ്രസ്താവനയല്ല പ്രചരിക്കുന്നത്.


ഈ പ്രചരിക്കപ്പെടുന്ന പോസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവനകൾ ശേഖരിക്കുന്നില്ല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സ്ഥിരീകരിച്ച വിവരങ്ങൾക്കായി CMO Keralam, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ, വെബ്‌സൈറ്റ് (www.cmdrf.kerala.gov.in) എന്നിവിടങ്ങൾ ആശ്രയിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


സംസ്ഥാന ഭരണകൂടവും മറ്റ് സംവിധാനങ്ങളും നിലവിൽ ജനങ്ങൾക്കായുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഈ നിർണായക സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങളും സ്ഥിരീകരിക്കാത്ത പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക.