കെ.എസ്.ആർ.ടി.സിയിൽ ജൂലായ് 27ന് സർവീസ് വ്യാപകമായി റദ്ദാക്കിയെന്ന പ്രചാരണം തെറ്റ്
2026 ജൂലൈ 27-ന് കെ.എസ്.ആർ.ടി.സിയിൽ (KSRTC) വ്യാപകമായി സർവീസുകൾ റദ്ദാക്കുകയും ബസുകൾ ഓഫ്‌റോഡിലാവുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രചാരണം പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
27-07-2026ലെ പ്രവർത്തന റിപ്പോർട്ട് അനുസരിച്ച് കെ.എസ്.ആർ.ടി.സി 4,371 ഷെഡ്യൂളുകൾ വിജയകരമായി ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ തിങ്കളാഴ്ചത്തെ (20-07-2026) സർവീസുകളുമായി (4,355 ഷെഡ്യൂളുകൾ) താരതമ്യം ചെയ്യുമ്പോൾ 16 ഷെഡ്യൂളുകൾ അധികമാണ്. കൂടാതെ, അടിയന്തര ആവശ്യങ്ങൾക്കും മറ്റ് സാഹചര്യങ്ങൾക്കും വിന്യസിക്കുന്നതിനായി 376 സ്പെയർ ബസുകൾ വിവിധ യൂണിറ്റുകളിൽ സർവീസിന് സജ്ജമാക്കി നിർത്തിയിരുന്നു.
അതിനാൽ, സർവീസുകൾ മുടങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. പൊതുജനങ്ങൾ ഇത്തരം വ്യാജ സന്ദേശങ്ങളും ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും കെഎസ്ആർടിസി ഔദ്യോഗികമായി അറിയിച്ചു.













