ഇ-ഗ്രാന്റ്സ് വിതരണം തടസ്സപ്പെട്ടെന്ന പ്രചരണം അടിസ്ഥാനരഹിതം
സംസ്ഥാനത്തെ സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സിവിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ വിതരണം തടസ്സപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ വിതരണം തടസ്സപ്പെട്ടിട്ടില്ല. മുൻവർഷങ്ങളിലേതിന് സമാനമായി നടപടികൾ സുഗമമായി പുരോഗമിക്കുകയാണ്.
2026-27 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ വർഷാരംഭത്തിൽ തന്നെ തുറന്നുനൽകിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി നടപടികൾ നിലവിൽ നടന്നു വരികയാണ്. ആദ്യഘട്ടത്തിൽ ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 15 ആയിരുന്നു. ഒരു വിദ്യാർത്ഥിക്കും ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27 വരെ ദീർഘിപ്പിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലും കൂടുതലായും അപേക്ഷകൾ ഇതിനകം ലഭ്യമായിട്ടുണ്ട്. ജൂലൈ 17 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,09,348 അപേക്ഷകൾ പോർട്ടലിൽ വിജയകരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളുകൾ വഴിയുള്ള ഡാറ്റാ എൻട്രി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആനുകൂല്യങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും. ഇതിൽ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.
ഇ-ഗ്രാന്റ്സ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചാരണം തെറ്റാണ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് അപേക്ഷ നൽകാനുള്ള സമയം സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. വസ്തുതാവിരുദ്ധമായ വാർത്തകൾ ഷെയർ ചെയ്യുന്നതിന് മുൻപ് അവയുടെ സത്യസന്ധത ഉറപ്പുവരുത്തുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.













