സംസ്ഥാനത്ത് AI ക്യാമറകളുടെ പ്രവർത്തനം നിലച്ചോ? യാഥാർത്ഥ്യമറിയാം
സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. ക്യാമറകൾ കണ്ണടച്ചെന്നും ഗതാഗത നിയമലംഘനങ്ങൾക്ക് ഇനി പിഴ വരില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ പ്രചരണം പൂർണ്ണമായും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള AI ക്യാമറകൾ ഇപ്പോഴും പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുണ്ട്. റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ ഇവ കൃത്യമായി ചിത്രീകരിക്കുകയും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ചില താൽക്കാലിക സാങ്കേതിക തടസ്സങ്ങൾ കാരണം നിലവിൽ നിയമലംഘകർക്ക് ചലാനുകൾ അയക്കുന്നതിൽ ചെറിയ കാലതാമസം നേരിടുന്നുണ്ട്. എന്നാൽ, ഈ തടസ്സങ്ങൾ മാറുന്നതോടെ ഇപ്പോൾ ക്യാമറയിൽ പതിഞ്ഞിട്ടുള്ള എല്ലാ നിയമലംഘനങ്ങൾക്കും കൃത്യമായി ചലാൻ അയക്കുന്നതായിരിക്കും.
AI ക്യാമറകൾ കേടായെന്ന വാർത്തകൾ വിശ്വസിച്ച് നിയമലംഘനങ്ങൾ നടത്തിയാൽ, തടസ്സങ്ങൾ മാറുന്ന മുറയ്ക്ക് പിഴ നോട്ടീസുകൾ നിങ്ങളുടെ തേടിയെത്തുമെന്ന കാര്യം ഓർക്കുക. വ്യാജ പ്രചരണങ്ങളിൽ വീഴാതിരിക്കുക. പിഴ ഭയന്ന് മാത്രമല്ല, സുരക്ഷിതമായ ഒരു യാത്രാസംസ്‌കാരത്തിനായി എപ്പോഴും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക.
നിങ്ങൾക്കും എന്തെങ്കിലും വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള ഫാക്ട് ചെക്ക് പോർട്ടലിലേക്ക് അയക്കാവുന്നതാണ്.













