"ഇ-ചല്ലാൻ സ്വയം അടയ്ക്കരുത്" എന്ന പ്രചാരണം വ്യാജം; ലീഗൽ ഫീസ് ആവശ്യപ്പെടുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത!
നിങ്ങളുടെ വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും SMS വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെ, മോട്ടോർ വാഹന വകുപ്പിന്റെ പേരിലെന്ന വ്യാജേന "ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്, മോട്ടോർ വാഹന വകുപ്പ് ഫെസിലിറ്റേഷൻ സെന്ററുകൾ വഴി മാത്രമേ അടയ്ക്കാവൂ" എന്ന രീതിയിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ, ചില അനധികൃത ആപ്പുകളും വെബ്‌സൈറ്റുകളും ചല്ലാൻ തുകയ്ക്ക് പുറമെ 'ലീഗൽ ഫീസ് ' എന്ന പേരിൽ അഡിഷണൽ ചാർജുകൾ ഈടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.
MVD ഇത്തരത്തിൽ ഒരു ഫെസിലിറ്റേഷൻ സെന്ററുകളും എവിടെയും ആരംഭിച്ചിട്ടില്ല. ജനങ്ങൾക്ക് ഇടനിലക്കാർ ഇല്ലാതെ തങ്ങളുടെ സേവനങ്ങൾ നേരിട്ടും താമസം കൂടാതെയും ചെയ്തെടുക്കുന്നതിനാണ് ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ട്രാഫിക് ചല്ലാനുകൾ അടയ്ക്കുന്നതിന് യാതൊരുവിധ 'ലീഗൽ ഫീസോ' മറ്റ് അധിക ചാർജുകളോ നിയമപരമായി ഈടാക്കുന്നില്ല. പൊതുജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘങ്ങളാകാം ഇതിനുപിന്നിൽ .
വാട്സാപ്പിലോ SMS ആയോ ലഭിക്കുന്ന സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകൾ വഴി പിഴ ഒടുക്കാൻ ശ്രമിക്കരുത്. തങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പൊതുജനങ്ങൾക്ക് സ്വയം പരിശോധിക്കാവുന്നതാണ്. ഇതിനായി echallan.parivahan.gov.in എന്ന ഔദ്യോഗിക കേന്ദ്ര സർക്കാർ വെബ്‌സൈറ്റോ, 'next-gen-mparivahan' എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ മാത്രം ഉപയോഗിക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് വഴി നേരിട്ട് ഓൺലൈനായി പിഴ ഒടുക്കാവുന്നതാണ്. സ്വന്തമായി ഓൺലൈൻ വഴി പരിശോധിക്കാനും പണമടയ്ക്കാനും ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം.













