കേരള ലോട്ടറിയുടെ പേരും ലോഗോയും ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി 'മെഗാ ബമ്പര്‍ ധമാക്കാ ഓഫര്‍', '25 കോടി സമ്മാനം', 'കേരള ഭാഗ്യക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ്' എന്ന പേരില്‍ കേരള ലോട്ടറി ഓണ്‍ലൈനായി വാങ്ങാമെന്ന തരത്തിലുള്ള പരസ്യങ്ങളും ലിങ്കുകളും പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോട്ടറി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും വാങ്ങുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ചിഹ്നങ്ങളും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ വഴിയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.


സോഷ്യല്‍ മീഡിയയിലെ ആകര്‍ഷകമായ പരസ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സര്‍ക്കാര്‍ മുദ്രയുള്ള വ്യാജ വെബ്സൈറ്റുകളിലേക്കോ എത്തിക്കുന്നു. ലോട്ടറി നമ്പറുകള്‍ കാണിച്ച് വിശ്വാസ്യത നേടിയ ശേഷം, റിസള്‍ട്ട് പരിശോധിക്കാന്‍ എന്ന പേരില്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് നിങ്ങള്‍ക്ക് വലിയ തുക സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയക്കുന്നു. സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കാനെന്ന വ്യാജേന പേര്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, IFSC കോഡ്, വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ആവശ്യപ്പെടുന്നു. അതിനുശേഷം, വ്യാജ ലെറ്റര്‍ഹെഡുകള്‍ കാണിച്ച് രജിസ്ട്രേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, ജി.എസ്.ടി, ടാക്സ് ക്ലിയറന്‍സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളില്‍ പണം തട്ടിയെടുക്കുന്നു.


കേരള സംസ്ഥാന ലോട്ടറിക്ക് ഓണ്‍ലൈന്‍ വിപണന സംവിധാനമില്ല. അതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് പരസ്യങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കുക. ലോട്ടറി സമ്മാനം ലഭിക്കുന്നതിനായി യാതൊരുവിധ പ്രോസസ്സിംഗ് ഫീയോ നികുതിയോ മുന്‍കൂറായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടതില്ല.


ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി, യു.പി.ഐ പിന്‍, വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ തുടങ്ങിയ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. നിങ്ങള്‍ ഇത്തരത്തിലുള്ള ഏതെങ്കിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ, www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴിയോ വിവരം അറിയിക്കുക.