കേരള ലോട്ടറിയുടെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; വ്യാജ ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ ജാഗ്രതാ നിർദ്ദേശം


കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാമെന്നും, സമ്മാനങ്ങൾ അടിച്ചുവെന്ന വ്യാജേന ലിങ്കുകൾ അയച്ചു നൽകിയും ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും ഇത്തരം വ്യാജ ലോട്ടറി വിൽപ്പനകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


കേരള ലോട്ടറി ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലോ സോഷ്യൽ മീഡിയ വഴിയോ ഓൺലൈനായി വിൽക്കാൻ ആർക്കും അനുവാദമില്ല. ഭാഗ്യക്കുറികൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ട് മാത്രം വാങ്ങുക. ലോട്ടറിയുടെ പേരിൽ ഓൺലൈൻ വഴി സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും ടിക്കറ്റ് നൽകാമെന്ന് പറഞ്ഞും പണം ആവശ്യപ്പെടുന്ന ആപ്പുകളും വെബ്‌സൈറ്റുകളും പൂർണ്ണമായും വ്യാജമാണ്.


വാട്സാപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വരുന്ന ലോട്ടറി വിൽപ്പന ലിങ്കുകളിലോ സമ്മാനം ലഭിച്ചുവെന്ന സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യുകയോ പണം നൽകുകയോ ചെയ്യരുത്. ഔദ്യോഗിക വെബ്‌സൈറ്റ്: കേരള ഭാഗ്യക്കുറിയുടെ ഔദ്യോഗിക ഫലങ്ങൾ അറിയാൻ സർക്കാർ അംഗീകരിച്ച ഒരേയൊരു വെബ്‌സൈറ്റ് ആയ www.statelottery.kerala.gov.in മാത്രം സന്ദർശിക്കുക. മറ്റെല്ലാ സമാന്തര വെബ്‌സൈറ്റുകളും ആപ്പുകളും വ്യാജമാണ്.


ഇത്തരം വ്യാജ ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ നിങ്ങൾ ഏതെങ്കിലും രീതിയിലുള്ള ലോട്ടറി തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഭാഗ്യക്കുറി വകുപ്പിന്റെ പേര് ദുരുപയോഗം ചെയ്ത് പൊതുജനങ്ങളെ പറ്റിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തുക. വ്യാജന്മാരെ തിരിച്ചറിയുകയും സുരക്ഷിതമായിരിക്കുകയും ചെയ്യുക.