സൗജന്യ യാത്ര ഒഴിവാക്കാൻ ഓർഡിനറി ബസുകൾ കെ.എസ്.ആർ.ടി.സി 'സിറ്റി ഫാസ്റ്റ്' ആക്കിയെന്ന പ്രചാരണം വ്യാജം
കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി' നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെ.എസ്.ആർ.ടി.സി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി "CITY FAST" എന്ന സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന രീതിയിലുള്ള ചിത്രങ്ങളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.ഈ പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ്.
പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയിട്ടുണ്ട്. വർഷങ്ങളായി ഒരേ നിറത്തിൽ സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആർ.ടി.സി ഇന്നലെ മുതൽ സിറ്റി ഫാസ്റ്റ് ബസുകളിൽ "CITY FAST" എന്ന് വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല.
കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം തിരുവനന്തപുരം നഗരത്തിൽ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സർവീസ് നടത്തുന്നത്. വെള്ളയും നീലയും നിറമുള്ള ബസുകളെല്ലാം സൗജന്യയാത്രയുള്ള ഓർഡിനറി ബസുകളാണെന്ന് കരുതി വനിതാ യാത്രക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാനാണ് ബസുകളുടെ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി "CITY FAST" സ്റ്റിക്കറുകൾ പതിപ്പിച്ചത്.
നിലവിൽ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളും നഗരമുൾപ്പെടെ ജില്ലയിലാകെ 687 ഓർഡിനറി ബസ്സുകളും സർവിസ് നടത്തുന്നുണ്ട്. പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സർവീസുകളുടെ കൃത്യമായ പട്ടിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കെ.എസ്.ആർ.ടി.സി മുൻകൂട്ടി കൈമാറിയിട്ടുള്ളതുമാണ്.
പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര ഓർഡിനറി സർവീസുകൾക്ക് മാത്രമാണ് ബാധകം. യാത്രാവേളകളിൽ സ്റ്റിക്കറുകൾ ശ്രദ്ധിക്കുക. സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാൻ ബോധപൂർവ്വം തെറ്റായ വ്യാഖ്യാനങ്ങളോടെ സോഷ്യൽ മീഡിയയിൽ പടച്ചുവിടുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ലഭ്യമാണ്.













