CAPE എൻജിനീയറിംഗ് കോളേജുകളിൽ സർക്കാർ വൻതോതിൽ ഫീസ് വർദ്ധിപ്പിച്ചെന്ന പ്രചാരണം വ്യാജം
സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) എഞ്ചിനീയറിംഗ് കോളേജുകളിൽ വൻതോതിൽ ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങിയെന്നും ഇത് വിദ്യാർത്ഥികളോടുള്ള അന്യായമായ നടപടിയാണെന്നുമുള്ള രീതിയിലുള്ള വാർത്തകളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ പ്രചാരണം പൂർണ്ണമായും വ്യാജവും വസ്തുതാവിരുദ്ധവുമാണ്.
സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള CAPE എൻജിനീയറിംഗ് കോളേജുകളിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം യാതൊരുവിധ ഫീസ് വർദ്ധനവും വരുത്തിയിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ അവസാനമായി ഫീസ് വർദ്ധനവ് ഉണ്ടായത് 2026 ഫെബ്രുവരിയിലാണ്. അതിനുശേഷം പുതിയ ഉത്തരവുകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അനാവശ്യമായ ആശങ്കയും സർക്കാരിനെതിരെ തെറ്റിദ്ധാരണയും പരത്താൻ ബോധപൂർവ്വമാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഘടനയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഔദ്യോഗിക സർക്കാർ ഉത്തരവുകളിലൂടെയും വകുപ്പുകളുടെ പോർട്ടലുകളിലൂടെയുമാണ് പൊതുജനങ്ങളെ അറിയിക്കുക. വസ്തുതകൾ അന്വേഷിക്കാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണ്.













