കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം; മുഖ്യമന്ത്രിയുടെ ചിത്രം വെച്ചുള്ള പ്രചാരണം വ്യാജം
സംസ്ഥാനത്തെ ഓരോ കുടുംബത്തിനും സർക്കാർ 5000 രൂപ വീതം പ്രത്യേക ആനുകൂല്യം നൽകുന്നുണ്ടെന്ന രീതിയിലുള്ള സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചിത്രം ദുരുപയോഗം ചെയ്ത് നിർമ്മിച്ച ഈ സന്ദേശത്തോടൊപ്പം 'ഗെറ്റ് ഓഫർ' എന്നൊരു ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റിവാർഡ് സ്വന്തമാക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിലെ ആവശ്യം.
ഈ പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ്. സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു ധനസഹായ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ലിങ്കുകൾ നിർമ്മിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പ് നടത്താനുമുള്ള നീക്കമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോരാൻ സാധ്യതയുണ്ട്. ഇത് വലിയ സാമ്പത്തിക തട്ടിപ്പുകളിലേക്ക് വഴിമാറിയേക്കാം. സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചും ധനസഹായങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ വിശ്വസനീയമായ മാധ്യമങ്ങളിലൂടെയോ മാത്രം സ്ഥിരീകരിക്കുക. ഇത്തരം തട്ടിപ്പ് ലിങ്കുകളും വ്യാജ സന്ദേശങ്ങളും നിർമ്മിക്കുന്നതും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതും നിയമവിരുദ്ധമാണ്.













