ട്രാക്കിംഗ് ചിപ്പുള്ള കീ ചെയിൻ വിൽപ്പന; എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോളിന്റെ പേരിൽ വ്യാജവാർത്ത
വിമാനത്താവളങ്ങളിലും പെട്രോൾ പമ്പുകളിലും കേന്ദ്രീകരിച്ച് യാത്രികരെ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന 'ട്രാക്കിംഗ് ചിപ്പുകൾ' അടങ്ങിയ കീ ചെയിനുകൾ വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന രീതിയിലുള്ള ഒരു സന്ദേശം 'എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോളിന്റെ' പേരിൽ വാട്‌സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണ്.
എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോളിന്റെ പേരിൽ പ്രചരിക്കുന്ന ഈ വാട്‌സ്ആപ്പ് സന്ദേശത്തിന് യാതൊരുവിധ ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ വേണ്ടി ഔദ്യോഗിക സംവിധാനങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് നിർമ്മിച്ച വ്യാജ സന്ദേശമാണിത്.
സോഷ്യൽ മീഡിയ വഴി ഇത്തരം വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.













