ആർ.സി.സി നിയമനം: സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജം
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (RCC) വിവിധ തസ്തികകളിലേക്ക് അടിയന്തര നിയമനം നടക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.
എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആർ.സി.സിയിൽ വിവിധ തസ്തികകളിൽ ആകർഷകമായ ശമ്പളത്തോടെ ജോലി ലഭിക്കുമെന്ന രീതിയിലാണ് പരസ്യം പ്രചരിക്കുന്നത്. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് വാട്സാപ്പിലും ഫേസ്ബുക്കിലും പടരുന്നത്. നിലവിൽ ഇത്തരത്തിൽ യാതൊരുവിധ അടിയന്തര നിയമന പരസ്യങ്ങളും ആർ.സി.സി പുറപ്പെടുവിച്ചിട്ടില്ല.
ആർ.സി.സിയിലെ എല്ലാ നിയമനങ്ങളും സുതാര്യമായ രീതിയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത്. നിയമന അറിയിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ മാധ്യമങ്ങളിലും മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. വ്യാജ വാഗ്ദാനങ്ങളിൽ വീണ് പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറുന്നവർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ആർ.സി.സി ഉത്തരവാദിയായിരിക്കില്ല.
ജോലി വാഗ്ദാനങ്ങളുമായി വരുന്ന വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി പരിശോധിക്കുക. ആർ.സി.സി നിയമനങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. Website: www.rcctvm.gov.in













