ഗ്യാസ് ബിൽ അപ്‌ഡേഷന്റെ പേരിൽ പുതിയ സൈബർ തട്ടിപ്പ്; ഫോണിൽ APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്


ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നു. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സംബന്ധിച്ച വ്യാജ വാർത്തകൾ മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.


ആദ്യം മൊബൈൽ ഫോണിലേക്ക് ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഒരു ടെക്സ്റ്റ് സന്ദേശം വരുന്നു. തുടർന്ന് തട്ടിപ്പുകാർ വാട്സാപ്പ് വഴി നിങ്ങളെ ബന്ധപ്പെടുകയും 'GAS BILL UPDATE APK' എന്ന പേരുള്ള ഒരു ഫയൽ അയച്ചു നൽകുകയും ചെയ്യും. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ നിലവിലെ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും.ബാങ്ക് വിവരങ്ങൾ, യുപിഐ പിൻ നമ്പറുകൾ എന്നിവ ഇത്തരത്തിൽ ചോർത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടിലെ പണം കവരുകയുമാണ് ഇവരുടെ രീതി.


വാട്സാപ്പ് വഴിയോ എസ്.എം.എസ് വഴിയോ ലഭിക്കുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. പ്രത്യേകിച്ചും APK ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.

സിലിണ്ടർ ബുക്കിംഗിനും പേയ്‌മെന്റിനുമായി ഗ്യാസ് ഏജൻസികളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ പ്ലേസ്റ്റോറിൽ ലഭ്യമായ ഔദ്യോഗിക മൊബൈൽ ആപ്പുകളോ മാത്രം ഉപയോഗിക്കുക.


അടിയന്തരമായി ബിൽ അടയ്ക്കണമെന്നോ കണക്ഷൻ റദ്ദാക്കുമെന്നോ ഉള്ള സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകാതെ നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി നേരിട്ട് ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പുവരുത്തുക. ബാങ്ക് വിവരങ്ങൾ, ഒടിപി, പാസ്‌വേഡുകൾ എന്നിവ അപരിചിതമായ വെബ്സൈറ്റുകളിലോ ആപ്പുകളിലോ നൽകരുത്.