തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു തീപിടുത്തം - വസ്തുത
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജിക്കൽ ഐ.സി.യുവിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് രോഗികളെ മാറ്റിയതിലുണ്ടായ പാളിച്ചകൾ കാരണം മരണം സംഭവിച്ചു എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. തീപിടുത്തമുണ്ടായ ഉടൻ തന്നെ ജീവനക്കാർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെ വെറും 15 മിനിറ്റിനുള്ളിൽ മുഴുവൻ രോഗികളെയും സുരക്ഷിതമായി മാറ്റുകയും എല്ലാവരുടെയും ജീവൻ രക്ഷിക്കുകയും ചെയ്തു.
സർജിക്കൽ ഐ.സി.യുവിലെ ഒരു വെന്റിലേറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. പുക ഉയർന്ന ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. ഓക്സിജൻ സപ്ലൈ തടസ്സമില്ലാതെ വിച്ഛേദിച്ചത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.
ഐ.സി.യുവിലുണ്ടായിരുന്ന 32 രോഗികളെയും വെറും 15 മിനിറ്റിനുള്ളിൽ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. തീപിടുത്തം ഉണ്ടായ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗി നിലവിൽ സുഖം പ്രാപിച്ച് വാർഡിലേക്ക് മാറി. വെന്റിലേറ്റർ സഹായത്തിലായിരുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും 'ആംബു ബാഗ്' (Ambu bag) ഉപയോഗിച്ച് കൃത്രിമ ശ്വസനസഹായം നൽകിക്കൊണ്ട് അതീവ ജാഗ്രതയോടെയാണ് MICU-4 ലേക്കും വാർഡ് 7 ലേക്കും മാറ്റിയത്. ജീവനക്കാരുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഒരൊറ്റ ജീവൻ പോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ സാധിച്ചു.
രോഗികളെ മാറ്റിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന പ്രചരണം തെറ്റാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.













