സർക്കാരിന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ പരിധിയ്ക്ക് മുകളിലെന്ന് പ്രചാരണം; വിശദീകരണവുമായി മുഖ്യമന്ത്രി


പഴ്‌സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ പരിധി ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധിയായ 25ൽ കൂടിയിട്ടില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഇതുവരെ ഈ സർക്കാർ നിയമിച്ചത് 476 പേരെ മാത്രമാണെന്ന് അറിയിച്ചു. കഴിഞ്ഞ സർക്കാരിനെക്കാൾ കൂടുതൽ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ചതായുള്ള സോഷ്യൽമീഡിയ വാർത്തകൾ വ്യാജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 



2021-2026 കാലയളവിൽ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും ചേർന്ന് ആകെ 787 പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ചിരുന്നു. ഇവരുടെ പേരും മേൽവിലാസവും അടങ്ങുന്ന പൂർണ്ണമായ പട്ടിക നൽകാൻ സർക്കാർ സജ്ജമാണ്. പേഴ്‌സണൽ സ്റ്റാഫുകൾക്ക് പുറമെ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി മാത്രം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 12 പേരെ നിയമിച്ചിരുന്നു. 22,290 മുതൽ 75,000 വരെയുള്ള ശമ്പള സ്കെയിലിലായിരുന്നു ഈ നിയമനങ്ങൾ.



സോഷ്യൽ മീഡിയ സംഘത്തിനായി ഒരു മാസം ഏഴ് ലക്ഷത്തിലധികം രൂപയും പ്രതിവർഷം 84 ലക്ഷത്തിലധികം രൂപയും മുൻ സർക്കാർ ചെലവഴിച്ചിരുന്നു. 2025-ൽ ഇവരുടെ ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയിരുന്നു. നിലവിലെ സർക്കാർ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ചിട്ടില്ല. മുൻ സർക്കാരിന്റെ കാലത്തെ വിപുലമായ നിയമനങ്ങളും ഉയർന്ന സാമ്പത്തിക ചെലവുകളും മറച്ചുവെച്ച് നിലവിലെ ഭരണസംവിധാനത്തിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. വ്യാജവാർത്തകൾ തയാറാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.