ആയുർവേദ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നഷ്ടപ്പെട്ടെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്


സംസ്ഥാനത്തെ മൂന്ന് സർക്കാർ ആയുർവേദ കോളേജുകളിലെ ബി.എ.എം.എസ് (BAMS) പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ പൂർണ്ണമായും നഷ്ടപ്പെട്ടതായി ചില നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആയുർവേദ കോളേജുകൾക്കും പ്രവേശന കൗൺസലിംഗിൽ പങ്കെടുക്കാൻ സാധിക്കും.


കഴിഞ്ഞ വർഷത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ഒരു സീറ്റിന്റെ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഈ ഒരു സീറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.


എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മീഷണർ (CEE) കേരളം മുഖേന നടത്തുന്ന ഒന്നാംഘട്ട ആയുഷ് അലോട്ട്‌മെന്റ് തീയതി പുനഃക്രമീകരിച്ചിട്ടുണ്ട്. ഇതിനാൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആയുർവേദ കോളേജുകൾക്കും ഒന്നാംഘട്ട കൗൺസലിംഗ് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ തടസ്സങ്ങളില്ല.


ആയുർവേദ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളിൽ വിദ്യാർഥികളും പൊതുജനങ്ങളും വിശ്വസിക്കരുത്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.