ടി.ഒ.ഡി ബില്ലിംഗ് സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാർത്ത; വിശദീകരണവുമായി കെ.എസ്.ഇ.ബി
സംസ്ഥാനത്ത് കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന ടൈം ഓഫ് ഡേ (ToD) ബില്ലിംഗ് രീതിയെക്കുറിച്ച് സാധാരണക്കാരായ ഉപഭോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പൂർണ്ണമായും സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്പ്രദായം ബാധകമല്ലെന്നും, ഉപഭോക്തൃ സൗഹൃദമായ ഈ സംവിധാനത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.
ആർക്കൊക്കെയാണ് ടി.ഒ.ഡി ബില്ലിംഗ് ബാധകം?
കേരളത്തിലെ പകുതിയിലധികം ഉപഭോക്താക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ടി.ഒ.ഡി മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, നിശ്ചിത വിഭാഗങ്ങളിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ടി.ഒ.ഡി ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്.
റെയിൽവെ ട്രാക്ഷൻ, വാട്ടർ അതോറിറ്റി പമ്പിംഗ് ഒഴികെയുള്ള എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും, ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗമുള്ളവർക്കുമാണ് ടൈം ഓഫ് ഡെ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദിവസത്തെ രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ നോർമൽ സോൺ, വൈകിട്ട് 6.00 മുതൽ രാത്രി 10.00 വരെ പീക്ക് ടൈം സോൺ, രാത്രി 10.00 മുതൽ രാവിലെ 6.00 വരെ ഓഫ് പീക്ക് സോൺ എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത്.
പ്രതിമാസം 250 യൂണിറ്റിലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നോർമൽ സോണിൽ താരിഫ് നിരക്കിനെക്കാൾ 10% കുറവും, പീക്ക് ടൈം സോണിൽ 25% കൂടുതൽ നിരക്കും ഓഫ് പീക്ക് സോണിൽ താരിഫ് നിരക്കിലും ആണ് ബിൽ ചെയ്യുന്നത്.
20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള വ്യാവസായിക സ്ഥാപനങ്ങൾക്ക് നോർമൽ സോണിൽ സാധാരണ നിരക്കിനേക്കാൾ 10% കുറവും, പീക്ക് ടൈം സോണിൽ 50% അധികവും, ഓഫ് പീക്ക് സോണിൽ താരിഫ് നിരക്കിലും ബിൽ ചെയ്യുമ്പോൾ എൽ.ടി. വ്യവസായം എച്ച്.ടി., ഇ.എച്ച്.ടി ഉപഭോക്താക്കൾ ഇവർക്ക് നോർമൽ സോണിൽ സാധാരണ നിരക്കും, പീക്ക് ടൈം സോണിൽ 50% അധികവും, ഓഫ് പീക്ക് സോണിൽ 25% കുറവും നിരക്കിലുമാണ് ബിൽ ചെയ്യുന്നത്.
ടി.ഒ.ഡി താരിഫ് പ്രകാരം ബിൽ തുക കണക്കാക്കുമ്പോൾ സാധാരണ മീറ്ററുകളിൽ നിന്നും റീഡിംഗ് എടുത്ത് ബിൽ കണക്കാക്കുന്നതിനേക്കാൾ നിരക്ക് നന്നേകുറവായിരിക്കും. പീക്ക് സമയത്തെ ഉപയോഗം മറ്റ് സമയക്രമങ്ങളിലേക്ക് കുറഞ്ഞൊരളവിലെങ്കിലും മാറ്റിക്രമീകരിച്ചാൽത്തന്നെ ബില്ലിൽ വലിയ കുറവായിരിക്കും ഉണ്ടാവുക. അതുപോലെ 20 കിലോ വാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള വ്യാവസായിക ഉപഭോക്താക്കൾക്കും നിലവിലുള്ള താരിഫ് ഉത്തരവ് പ്രകാരം പ്രതിമാസം നല്ലൊരു തുകയുടെ കുറവുതന്നെയുണ്ടാകും.
കേരളത്തിലെ പകുതിയിലധികം ഉപഭോക്താക്കൾക്കും ടി.ഒ.ഡി. മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേൽ സൂചിപ്പിച്ച വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ടി.ഒ.ഡി ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. കെ.എസ്.ഇ.ബിയുടെ ടി.ഒ.ഡി മീറ്ററിംഗ് തികച്ചും ഉപഭോക്തൃ സൗഹൃദ സംവിധാനമാണ്. അതിനാൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വഞ്ചിക്കപ്പെടരുതെന്ന് അധികൃതർ വ്യക്തമാക്കി.













