പുരാരേഖാ വകുപ്പിലെ നിയമനം: 'പിൻവാതിൽ നിയമനം' എന്ന പ്രചാരണം വ്യാജം
പുരാരേഖാ വകുപ്പിലെ മൂന്ന് ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് പിൻവാതിൽ നിയമനമാണെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ നിയമനങ്ങൾ പൂർണ്ണമായും നിയമാനുസൃതവും സുതാര്യവുമാണെന്ന് സർക്കാർ വ്യക്തമാക്കി.
മാനുസ്‌ക്രിപ്റ്റ് ട്രാൻസ്ലിറ്ററേറ്റർമാർ എന്ന ഈ തസ്തികയിലെ ജീവനക്കാരുടെ സേവനം അത്യന്താപേക്ഷിതമാണ്. പ്രാചീന ലിപികളായ വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, പഴയതമിഴ്, പഴയമലയാളം എന്നിവയിൽ എഴുതപ്പെട്ട രേഖകൾ വ്യാഖ്യാനിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും അതീവ സാങ്കേതികവും അക്കാദമികവുമായ ജോലിയാണ്. ഈ മേഖലയിൽ പ്രാവീണ്യമുള്ളവരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. താൽക്കാലിക നിയമനത്തിന് പത്രപരസ്യം നൽകിയും അഭിമുഖം നടത്തിയും അക്കാദമിക് യോഗ്യതയും കഴിവും പരിഗണിച്ചാണ് ഈ ജീവനക്കാരെ തിരഞ്ഞെടുത്തത്.
ഈ താൽക്കാലിക തസ്തികകൾ 2019-ലെ മന്ത്രിസഭാ തീരുമാനപ്രകാരം സ്ഥിരം തസ്തികകളാക്കി മാറ്റിയിരുന്നു. 10 വർഷത്തെ സേവനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഇവരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവിറക്കി. നിയമ-ധനകാര്യ വകുപ്പുകളുടെ അഭിപ്രായം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഈ ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ 'ഉമാദേവി' കേസിന്റെ പരിധിയിൽ വരുന്നതല്ല. കൂടാതെ, സർവ്വീസ് ബ്രേക്ക് കാലഘട്ടം പരിഗണിക്കാതെ സ്ഥിരപ്പെടുത്താനുള്ള ധനകാര്യ വകുപ്പിന്റെ അഭിപ്രായം അനുസരിച്ചാണ് നിയമനം പൂർത്തിയാക്കിയത്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള ഈ ജീവനക്കാരെ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് സ്ഥിരപ്പെടുത്തിയത്. ഈ വസ്തുതകൾ മറച്ചുവെച്ച് 'പിൻവാതിൽ നിയമനം' എന്ന പ്രചാരണം നടത്തുന്നത് ദുരുദ്ദേശപരമാണ്.













