കേരളത്തിൽ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്നു എന്ന വാദം വ്യാജം
കേരളത്തിലെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതായുള്ള വാദങ്ങൾക്ക് ചുവടുപിടിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതവും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവുമാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒരു സർക്കാർ സ്‌കൂളും കേരളത്തിൽ അടച്ചുപൂട്ടിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.
സോഷ്യൽമീഡിയയിലെ പ്രചാരണങ്ങൾ കേന്ദ്രസർക്കാരിന്റെ വാദങ്ങളുടെ ചുവടുപിടിച്ചാണ്. എന്നാൽ, കേന്ദ്രസർക്കാർ ഉന്നയിച്ച കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) വന്നതോടെ ഈ സെന്ററുകൾക്ക് സ്‌കൂളുകളായി തുടരാൻ സാധിക്കാതെ വന്നതിനാൽ ഘട്ടംഘട്ടമായി നിർത്തലാക്കുകയായിരുന്നു. അവിടുത്തെ വിദ്യാർത്ഥികൾക്ക് അടുത്തുള്ള സ്‌കൂളുകളിൽ പഠിക്കാനുള്ള സൗകര്യവും യാത്രാസൗകര്യവും സർക്കാർ ഉറപ്പാക്കിയിരുന്നു.
കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ മനഃപൂർവം ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഒരു സർക്കാർ സ്‌കൂൾ പോലും അടച്ചുപൂട്ടിയതായി തെളിയിക്കാൻ സാധിക്കില്ലെന്നും മന്ത്രി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാജവാർത്തകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.













