സോളാർ ബില്ലിംഗ് മാറ്റം ഉപഭോക്താക്കൾക്ക് നഷ്ടമെന്ന പ്രചാരണം വ്യാജം
മൂന്ന് കിലോവാട്ടിന് മുകളിലുള്ള സോളാർ പ്ലാന്റുകളുടെ ബില്ലിംഗ് രീതി മാറ്റുന്നത് സോളാർ ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാക്കും എന്ന പ്രചാരണത്തെക്കുറിച്ചുള്ള വിശദീകരണം. മൂന്ന് കിലോവാട്ടിന് മുകളിലുള്ള സോളാർ പ്ലാന്റുകളുടെ ബില്ലിംഗ് രീതി മാറുന്നതുകൊണ്ട് സോളാർ ഉപഭോക്താക്കൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നും സോളാർ സ്ഥാപിക്കുന്നത് ലാഭകരമല്ലെന്നും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങൾ നടക്കുന്നു.
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുനരുപയോഗ ഊർജ്ജവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട റെഗുലേഷന്റെ കരട് (Draft Regulation) മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പൊതു തെളിവെടുപ്പും തീരുമാനിച്ചിട്ടുണ്ട്. സോളാർ ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാക്കും എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
കരട് നിർദ്ദേശങ്ങളും വസ്തുതകളും:
- കേരളത്തിലെ നിലവിലുള്ള രണ്ട് ലക്ഷത്തിൽപ്പരം സോളാർ ഉപഭോക്താക്കൾക്ക് പഴയ രീതിയിലുള്ള ബില്ലിംഗ് തന്നെ തുടരും. പുതിയ നിർദ്ദേശം ഇവരെ ബാധിക്കില്ല.
- പുതുതായി 3 കിലോവാട്ട് വരെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർക്കും പഴയ രീതിയിലുള്ള ബില്ലിംഗ് തന്നെയാകും.
- 3 കിലോവാട്ട് മുതൽ 5 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജ് സിസ്റ്റം ഉണ്ടെങ്കിൽ പഴയ രീതിയിൽ തന്നെ ബില്ലിംഗ് തുടരും.
- ഒരു 3 കിലോവാട്ട് പ്ലാന്റ് ഉപയോഗിച്ച് പ്രതിമാസം ഏകദേശം 400 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. കേരളത്തിലെ ഒരു കോടിയിൽപ്പരം വരുന്ന വൈദ്യുത ഉപഭോക്താക്കളിൽ ഭൂരിഭാഗവും (400 യൂണിറ്റിനു താഴെ മാത്രം) വൈദ്യുതി ഉപയോഗിക്കുന്നവരാണ്. അതായത്, പുതുതായി 3 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് പുതിയ നിർദ്ദേശം ബാധകമല്ല.
- പ്രതിമാസം 400 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഒരു ലക്ഷത്തോളം പേർ മാത്രമാണുള്ളത്. ഇവർ സാധാരണയായി 3 കിലോവാട്ടിന് മുകളിലുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇവർ ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിനായി ചെലവഴിക്കേണ്ടി വരുന്ന അധിക തുക നഷ്ടമാണെന്ന വാദം ശരിയല്ല. ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റോറേജ് സിസ്റ്റം ഉപഭോക്താവിന് ലാഭം തന്നെയാണ്.
- പീക്ക് സമയത്ത് ഉയർന്ന നിരക്കിലെ വൈദ്യുതി ഗ്രിഡിലേക്ക് നൽകി ലാഭം നേടാം.ഏത് സമയത്ത് കറണ്ട് പോയാലും സ്റ്റോറേജ് ഇൻവെർട്ടർ പോലെ പ്രവർത്തിക്കുകയും വൈദ്യുതി മുടങ്ങാതിരിക്കുകയും ചെയ്യും. കെ.എസ്.ഇ.ബി. വൈദ്യുതി തടസ്സപ്പെട്ടാലും സ്റ്റോറേജുണ്ടെങ്കിൽ സോളാർ വൈദ്യുതി ഉത്പാദനത്തിന് തടസ്സമില്ല. ഈ മാതൃക വൻകിട ഉപഭോക്താക്കൾക്കും പിന്തുടരാവുന്നതാണ്.
നിലവിലെ സമ്പ്രദായത്തിൽ, രാത്രി ഉയർന്ന നിരക്കിലുള്ള വൈദ്യുതി സോളാർ ഉപഭോക്താക്കൾക്ക് നൽകാൻ വരുന്ന അധിക ബാധ്യത കെ.എസ്.ഇ.ബി. എല്ലാവരിൽ നിന്നും ഈടാക്കി കൊണ്ടിരുന്നത് ന്യായമല്ലെന്ന് കണ്ടാണ് ബില്ലിംഗ് രീതി മാറ്റണമെന്ന കരട് നിർദ്ദേശം റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട് വെച്ചത്. ഇത് സംബന്ധിച്ച തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ പോസ്റ്റുകൾക്കെതിരെയാണ് വൈദ്യുത വകുപ്പ് മന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകിയിരിക്കുന്നത്.
സോളാർ ബില്ലിംഗ് രീതിയിലെ മാറ്റം നിലവിലുള്ള ഉപഭോക്താക്കളെയോ 3 kW വരെയുള്ള പുതിയ പ്ലാന്റുകളെയോ ദോഷകരമായി ബാധിക്കില്ല. ഉയർന്ന ശേഷിയുള്ള പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജ് ഗുണകരമാകുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.