പുതിയ ധനകാര്യ നിയമവും പെൻഷൻ ആനുകൂല്യങ്ങളും - പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്
കേന്ദ്രസർക്കാർ പുതിയ സാമ്പത്തിക ആക്ട് (Finance Act 2025) പുറത്തിറക്കിയെന്നും, ഇതുപ്രകാരം വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഇനി ക്ഷാമബത്ത (ഡിഎ) വർധനവും ശമ്പളകമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പൊതുജനങ്ങളിൽ, പ്രത്യേകിച്ച് വിരമിച്ച സർക്കാർ ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഈ പ്രചാരണം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതാണെന്നിരിക്കെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിലെയും പോസ്റ്റുകളിലെയും ഭാഷാശൈലിയും ഉള്ളടക്കവും കേരളത്തിലെ സർക്കാർ ജീവനക്കാരുടെതാണെന്ന പ്രതീതി സൃഷ്ടിക്കുന്ന വിധത്തിലാണ്. എന്നാൽ, ഈ വാർത്തയിൽ പറയുന്ന കാര്യങ്ങളുമായി കേരള സർക്കാരിന് ബന്ധമില്ലെന്നു മാത്രമല്ല ഇത്തരത്തിലൊരു നിലപാടും പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്.