സംസ്ഥാനത്ത് റേഷൻ കടകൾ പൂട്ടുന്നതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം
സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 4000 റേഷൻ കടകൾ പൂട്ടുന്നു, റേഷൻ കടകൾ പൂട്ടുന്നു പകരം ബാറുകൾ തുറക്കും പൂട്ടുന്നത് 3872 റേഷൻകടകൾ തുടങ്ങിയ തലക്കെട്ടുകളോടെ നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ ആരോപങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അറിയിച്ചു.
പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സർക്കാർനയം. റേഷൻകടകളെ വൈവിധ്യവത്കരിച്ച് കൂടുതൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും ഇവ വഴി സർക്കാർ-അർധ സർക്കാർ-പൊതുമേഖലാ-സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനുമുള്ള അനുമതി നൽകുന്നത് പരിഗണിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികൾ, സെയിൽസ്മാൻമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതടക്കം റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കാനുള്ള നടപടികളിലാണ് സർക്കാർ.ഈ സന്ദർഭത്തിൽ സർക്കാരിനെയും സിവിൽ സപ്ലൈസ് വകുപ്പിനെയും അപകീർത്തിപ്പെടുന്ന വ്യാജവാർത്തകളിൽ പൊതുജനങ്ങൾ അകപ്പെടരുത്.