ലഹരി വ്യാപനത്തെ കുറിച്ചുള്ള നിയമസഭയിലെ മന്ത്രിയുടെ മറുപടി തെറ്റിദ്ധരിപ്പിച്ച് പ്രചാരണം
സംസ്ഥാനത്ത് യുവാക്കൾക്കിടയിലെ ലഹരി വ്യാപനം തടയാൻ സർക്കാർ വ്യാപക ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനിടയിലാണ് എക്സൈസ് വകുപ്പ് മന്ത്രി ഒരു വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണെന്ന പേരിലുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 'അംഗനവാടി വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗിച്ച് വർദ്ധിച്ചിട്ടില്ല. എൻഫോഴ്സ്മെൻറ് പ്രവർത്തനം വളരെ ശക്തം' എന്ന് എക്സൈസ് വകുപ്പ് മന്ത്രി പറഞ്ഞു എന്നതാണ് പ്രചരണം. എന്നാൽ മന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
'വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല.. എൻഫോഴ്സ്മെൻറ് പ്രവർത്തനം വളരെ ശക്തം' എന്ന്് മന്ത്രി പറഞ്ഞതിൽ അംഗനവാടി എന്ന വാക്ക് കൂട്ടിച്ചേർത്ത് പോസ്റ്ററുകൾ തയാറാക്കി വ്യാജമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. നിയമസഭയിൽ ജനുവരി 23ന് ഒ.എസ് അംബിക എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി നൽകിയ ഉത്തരമാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.