എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ലെന്ന ആരോപണം വ്യാജം


ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന പത്രവാർത്തകൾ തെറ്റാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.


എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.ഫെബ്രുവരി 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ ഫെബ്രുവരി 17ന്  ഉച്ചയ്ക്ക് 1 മണിയോടെ തന്നെ വിതരണം പൂർത്തിയാക്കി.


2025 എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോൾ ചോദ്യ പേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് തടസ്സം നേരിടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പൊതുജനങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചരണങ്ങളിൽ അകപ്പെടരുത്.