പാൻകാർഡ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് പൂട്ടും; പോസ്റ്റൽ ബാങ്കിന്റെ പേരിലും വ്യാജ സന്ദേശം
ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉടമകൾക്ക് പാൻ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനാൽ അവരുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യുമെന്ന് അവകാശപ്പെടുന്ന വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങളിൽ പാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ലിങ്ക് അടങ്ങിയിരിക്കുന്നു.
എന്നാൽ ഈ പോസ്റ്റുകൾ വ്യാജമാണ്. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഇത്തരത്തിലുള്ള യാതൊരു സന്ദേശവും അയയ്ക്കുന്നില്ല. തട്ടിപ്പു സംഘങ്ങൾ അക്കൗണ്ട് ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ തട്ടിച്ചെടുക്കുന്നു.തട്ടിപ്പുകാർക്ക് ഈ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, അവർ അനധികൃതമായ ഇടപാടുകൾ നടത്തുകയോ ഇരയുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുറക്കുകയോ ചെയ്യും.
പാസ്വേഡുകൾ തുടർച്ചയായി അപ്ഡേറ്റ് ചെയ്യുക, വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഒഴിവാക്കുക, നിങ്ങളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക. പൊതു ഭാഗങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക, ബാങ്കിംഗ് ആശയവിനിമയങ്ങളുടെ സാധുത എല്ലായ്‌പ്പോഴും സ്ഥിരീകരിക്കുക. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഈ സന്ദേശങ്ങൾ വ്യാജമാണെന്നും ഇന്ത്യൻ പോസ്റ്റ് ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നൽകുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.