വാട്ട്സ്ആപ്പിനു പുതിയ നിയമങ്ങളോ? തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം വിശ്വസിക്കരുത് !
വാട്ട്സ്ആപ്പിനും വാട്ട്‌സ് ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ് ആൻഡ് വീഡിയോ കാൾ ) എന്ന പേരിൽ കാലങ്ങളായി പ്രചരിക്കുന്ന സന്ദേശങ്ങളിലെ വസ്തുത അറിയാം.
'നാളെ മുതൽ വാട്ട്സ്ആപ്പിനും വാട്‌സ് ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ് ആൻഡ് വീഡിയോ കാൾ ) എന്ന ആമുഖത്തോടെ ആരംഭിക്കുന്ന സന്ദേശത്തിൽ
എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.
എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.
വാട്ട്സ്ആപ്പ്-ഫേസ്ബുക്-ട്വിറ്റർ-ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.
ഫോൺ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും.
അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്.
One Blue ടിക് ആന്റ് Two Red ടിക് നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു.
Three red ടിക് നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു. ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും.
ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആവുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക '
എന്നുതുടങ്ങിയൊരു വലിയ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതരത്തിൽ പല രീതിയിൽ കുറേകാലങ്ങളായി വ്യാപിക്കുന്നത്.
ഈ സന്ദേശത്തിൽ പറയുന്നത് പോലെ സോഷ്യൽമീഡിയ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വാട്ട്സ് ആപ്പിൽ നിലവിൽ മൂന്നു ടിക്ക് വരുന്ന അപ്ഡേറ്റോ, ചുവന്ന ടിക്ക് വരുന്ന അപ്ഡേറ്റോ ഇതുവരെ കമ്പനി അപ്ഡേറ്റ് ചെയ്തിട്ടില്ല. നിലവിലുള്ള രണ്ടു ബ്ളൂ ടിക്ക് ഇൻഡിക്കേഷൻ അയച്ച മെസേജ് ലഭിച്ചയാൾ കണ്ടു എന്നറിയിക്കാൻവേണ്ടി മാത്രമാണ് വാട്ട്സ്ആപ്പ് നിർമാതാക്കൾ ഉദ്ദേശിക്കുന്നത്.
അതേസമയം, വാട്ട്സ് ആപ്പ് എന്നല്ല, ഏതൊരു സോഷ്യൽ മീഡിയ മാധ്യമം വഴിയും വ്യാജ വാർത്തകളോ വിദ്വേഷപരമായ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്ന നിയമപരമായി കുറ്റമാണ്. ഇത്തരത്തിൽ ചെയ്യുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ആവശ്യമായ നിയമപരമായ തുടർനടപടികൾ സ്വീകരിക്കും. അതല്ലാതെ, വാട്ട്സ്ആപ്പിലെ ഇല്ലാത്ത അപ്ഡേഷന്റെ പേരിൽ സ്വയം വഞ്ചിതരാകാതെയും മറ്റുള്ളവരെ ആശങ്കപ്പെടുത്താതെയും ഇരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.