പ്രമുഖ കമ്പനിയുടെ വൈദ്യുതി നിരക്ക് എത്രയോ കുറവെന്ന് പോസ്റ്റുകൾ; വ്യാജ വാർത്ത പ്രചരിപ്പിക്കും മുൻപ് സത്യം അറിയേണ്ടെ?

കേരള പൊതുമേഖല സ്ഥാപനമായ കെഎസ്ഇബിയെക്കാൾ കുറവാണ് സ്വകാര്യമേഖലയിലുള്ള പ്രമുഖ ഇലക്ട്രിസിറ്റി കമ്പനികൾ ഈടാക്കുന്ന നിരക്ക് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. വിവിധ താരിഫിലുള്ള നിരക്കുകൾ താരതമ്യം ചെയ്യുന്ന ഒരു പട്ടിക സഹിതമാണ് പ്രചാരണം.'സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടിയതിന് ശേഷമുള്ള കെഎസ്ഇബിയുടെയും അദാനിയുടെയും നിരക്കുകൾ തമ്മിലുള്ള വ്യത്യാസം'എന്ന പേരിലുള്ള സോഷ്യൽമീഡിയ പോസ്റ്റുകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപോസ്റ്റുകളാണെന്ന് കെഎസ്ഇബി അറിയിച്ചു.



കെഎസ്ഇബിയുടെ ബിൽ കാൽക്കുലേറ്ററിൽ താരിഫ് നിരക്കുകളുടെ വിശദാംശങ്ങളുണ്ട്. https://bills.kseb.in/ എന്ന ലിങ്കിലെ കൺസ്യൂമ്ഡ് യൂണിറ്റ് എന്ന കോളത്തിൽ എനർജി യൂസേജ് ടൈപ്പ് ചെയ്താൽ തത്തുല്യമായ എനർജി ചാർജ് ലഭ്യമാകും. 


ഫിക്‌സിഡ് ചാർജ്, ഫ്യുവൽ സർചാർജ്, മീറ്റർ വാടക തുടങ്ങിയ നിരക്കുകളും ചേർത്താണ് ആകെ വൈദ്യുതി ബിൽ കണക്കാക്കുന്നത്. ടെലിസോകോപിക്, നോൺ ടെലിസ്‌കോപിക് എന്നിങ്ങനെ രണ്ട് രീതികളിലാണ് കെഎസ്ഇബി വൈദ്യുതി ചാർജ് കണക്കാക്കുന്നത്. 


50 യൂണിറ്റ് വീതമുള്ള സ്ലാബുകളായി തിരിച്ച് വിവിധ നിരക്കുകൾ ഈടാക്കുന്നതാണ് ടെലിസ്‌കോപിക് രീതി. 250 യൂണിറ്റ് വരെയുള്ള ഉപയോഗമാണ് ടെലിസ്‌കോപിക് രീതിയിൽ കണക്കാക്കുന്നത്. സാധാരണ ഗാർഹിക ഉപയോഗം ഇതിൽ ഉൾപ്പെടുന്നതാണ്. 250 യൂണിറ്റിന് മുകളിലെ ഉപയോഗത്തിന് ഒരേ നിരക്ക് ഈടാക്കുന്നതാണ് നോൺടെലസ്‌കോപിക് രീതി.നിലവിൽ 50 യൂണിറ്റിൽ താഴെയുള്ള ഉപയോഗത്തിന് യൂണിറ്റിന് 3.30 രൂപ. 50 മുതൽ 100 യൂണിറ്റ് വരെ 4.15 രൂപ, 100-150 വരെ 5.25 രൂപ, 150 മുതൽ 200 വരെ 7.10 രൂപ, 200 മുതൽ 250 വരെ 8.35 രൂപ എന്നിങ്ങനെയാണ് ഒരു യൂണിറ്റ് വൈദ്യുതിയ്ക്ക് കെഎസ്ഇബി ഈടാക്കുന്ന നിരക്ക്. ഇതിനൊപ്പം ഫിക്‌സഡ് ചാർജ്, ഫ്യുവൽ സർചാർജ്, മീറ്റർ വാടക തുടങ്ങിയ നിരക്കുകളും ചേർത്താണ് ആകെ വൈദ്യുതി ബിൽ കണക്കാക്കുന്നത്.




മഹാരാഷ്ട്രയിലെ പ്രമുഖ കമ്പനിയുടെ വൈദ്യുതി വിതരണം എനർജി ചാർജിനൊപ്പം വൈദ്യുതി ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള തുകയായ വീലിംഗ് ചാർജ്ജ് കൂടി ചേർത്താണ് വൈദ്യുതി നിരക്ക് കണക്കാക്കുന്നത്. ഇവിടെ 500 യൂണിറ്റ് വരെ ഗാർഹിക ഉപഭോഗമായി കണക്കാക്കുന്നു.ഈ പ്രൈവറ്റ് കമ്പനി മാസം തോറുമാണ് ബിൽ നൽകുന്നത്. അതേസമയം കേരളത്തിൽ രണ്ട് മാസത്തിലൊരിക്കാലാണ് വൈദ്യുതി ബിൽ കണക്കാക്കുന്നത്. വൈറൽ പോസ്റ്റുകളിൽ പ്രൈവറ്റ്  കമ്പനിയുടെ ഇലക്ട്രിസിറ്റിയുടെ എനർജി ചാർജ് മാത്രമാണ് കാണിച്ചിട്ടുള്ളത്. അവർ ഈടാക്കുന്ന വീലിംഗ് ചാർജും കെഎസ്ഇബി ഈടാക്കുന്നില്ല. മാത്രമല്ല അവർ 101 മുതൽ 300വരെ ഒരേ താരിഫിലാണ് തുക കണക്കാക്കുന്നത്. കേരളത്തിൽ 50 യൂണിറ്റുകൾ കൂടുംതോറും താരിഫ് വ്യത്യാസപ്പെടും. അതുകൊണ്ട് തന്നെ ഇവിടെ ബിൽ തുക കുറയും. 



ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് അന്വേഷിച്ച് വസ്തുത എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. പ്രത്യേക ഉദ്ദേശത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ തന്ത്രങ്ങളിൽപ്പെട്ടുപോകാതിരിക്കുക.

Tags: