സ്വകാര്യവാഹനം വാടകയ്ക്ക് നൽകിയാൽ നടപടി; നിയമം വളച്ചൊടിച്ച് വകുപ്പിനെ പഴിചാരുന്ന കള്ളത്തരം തിരിച്ചറിയണം
സ്വകാര്യ വാഹനങ്ങൾ ഇനി ഉടമയുടെ ഭാര്യയ്ക്കോ, മകൾക്കോ, മകനോ, അടുത്ത ബന്ധുക്കൾക്കോ ഉപയോഗിക്കാൻ സാധിക്കില്ലെന്നും വാഹനങ്ങളിൽ ഡ്രൈവറെ നിയമിക്കുന്നതിന് വിലക്കുണ്ടെന്നുമുള്ള പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പടച്ചുവിട്ടതാണെന്ന് തിരിച്ചറിയണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അടുത്തിടെ ആലപ്പുഴ മെഡിക്കൽ വിദ്യാർത്ഥികൾ വാടകയ്ക്കെടുത്ത കാറുമായി സഞ്ചരിക്കവെ അപകടത്തിൽ മരണപ്പെട്ട വിഷയത്തെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് സ്വകാര്യ വാഹനങ്ങളുടെയും റെന്റ് കാറുകളുടെയും ഉപയോഗം സംബന്ധിച്ച് അവബോധം സന്ദേശങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും സമൂഹത്തെ അറിയിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇതെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വളച്ചൊടിക്കുകയും പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നവിധം സമൂഹമാധ്യമ പോസ്റ്റുകളും വീഡിയോകളും വ്യാപിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.
'ഗതാഗത വകുപ്പിന്റെ മണ്ടത്തരങ്ങൾ,' കാറിന്റെ ഉടമസ്ഥൻ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളു-ഒരു വ്യക്തിയുടെ പേരിലുള്ള കാർ അയാളുടെ ഭാര്യയോ മകനോ മകളോ ഓടിച്ചു പോയാൽ പോലും നിയമലംഘനമാണ് ' 'പരമ്പരാഗതമായി മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന ഒരു വകുപ്പായി മോട്ടോർവാഹനവകുപ്പ് മാറുകയാണ്' തുടങ്ങിയ ആക്ഷേപങ്ങളോടെയുള്ള വീഡിയോകളും പോസ്റ്റുകളുമാണ് വാട്സ് ആപ്പ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്ക് പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടോർ വാഹന നിയമ പ്രകാരം ശിക്ഷാർഹമാണ്. അതായത്, സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ നടപടിയുണ്ടാകും. പക്ഷെ ഉടമയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വാഹനം ഉപയോഗിക്കുന്നതിൽ വിലക്കില്ല. മോട്ടോർ വാഹന നിയമം അനുശാസിക്കുന്നത് പ്രകാരം റെന്റ് എ ക്യാബ് സംവിധാനത്തിൽ വാഹനം നൽകാവുന്നതാണ്. ഇതിന് അപേക്ഷിക്കുന്നവർക്ക് 50 വാഹനങ്ങളിൽ കുറയാതെ ഓൾ ഇന്ത്യ പെർമിറ്റുള്ള വാഹനങ്ങൾ വേണമെന്ന നിബന്ധനയുണ്ട്. റെന്റ് എ മോട്ടോർ സൈക്കിളിന് കുറഞ്ഞത് അഞ്ച് വാഹനം വേണമെന്നും നിയമത്തിൽ നിബന്ധനയുണ്ട്. അതേസമയം സ്വകാര്യ ആവശ്യത്തിന് ഡ്രൈവറെ നിയമിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.Rent A Cab ഉം Rent A Motor Cycle ഉം ആണ് നിയമപരം.ഇതെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് നൽകിയ സന്ദേശ വീഡിയോ കാണാം
https://www.facebook.com/watch/?v=1240923010312164&rdid=eMUC0PLfTZQUVCpf
ഡിസംബർ 19ന് മോട്ടോർവാഹന വകുപ്പ് പുറത്തിറക്കിയ വാർത്ത കുറിപ്പ് (https://www.facebook.com/mvd.socialmedia/posts/1039450131552327?ref=embed_post )
ചുരുക്കി പറഞ്ഞാൽ സ്വകാര്യ വാഹനങ്ങൾ ഇനി ഉടമയുടെ ഭാര്യയ്ക്കോ, മകൾക്കോ, മകനോ, അടുത്ത ബന്ധുക്കൾക്കോ ഉപയോഗിക്കാൻ സാധിക്കില്ലെന്നും വാഹനങ്ങളിൽ ഡ്രൈവറെ നിയമിക്കുന്നതിന് വിലക്കുണ്ടെന്നുമുള്ള പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് സൃഷ്ടിക്കുന്നതാണ്. ഇത്തരം വ്യാജവാർത്തകളിൽ വഞ്ചിതരാകരുത്. വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.