പുളിക്കൽ പാലത്തിന് മാത്രം 60 കോടി ചെലവെന്നത് വ്യാജ പ്രചാരണം
'വജ്രം കൊണ്ട് നിർമിച്ചത് ആണോ ..??', '60 കോടി ചെലവിട്ട് റിയാസ് മന്ത്രി നിർമിച്ച പാലം'. തുടങ്ങിയ തലക്കെട്ടോടു കൂടി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പുളിക്കൽ പാലത്തിന്റെ നിർമ്മാണ വാർത്തയിൽ യാഥാർത്ഥ്യമില്ല. പൊതുമരാമത്ത് മന്ത്രി കഴിഞ്ഞ ദിവസംഉദ്ഘാടനം ചെയ്ത കാസർകോഡ് കാഞ്ഞങ്ങാട്ടെ പുളിക്കൽ പാലവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. 60 കോടി രൂപ ചെലവിട്ടാണ് പരിത്തിപ്പള്ളി പുഴയ്ക്ക് കുറുകെയുള്ള പാലം നിർമ്മിച്ചതെന്നാണ് ആരോപണം. എന്നാൽ പ്രചാരണത്തിൽ കഴമ്പില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് പുളിക്കൽ പാലം. 2017-18 ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് പദ്ധതിയുടെ ആകെ ചെലവാണ് 60 കോടി രൂപ.
ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പുളിക്കൽ, ആനപ്പെട്ടി പാലങ്ങളും ബാനം കലുങ്കിന്റെയും നിർമ്മാണം ഉൾപ്പെടുന്നു. ഈ നിർമ്മാണ പ്രവൃത്തികൾക്കായി 7.27 കോടി രൂപ കണക്കാക്കിയിരുന്നെങ്കിലും ജിഎസ്ടി സ്ലാബിലും ഡിപ്പാർട്ട്മെന്റ് സ്‌കെഡ്യൂൾ ഓഫ് റേറ്റ്സിലുമുണ്ടായ വ്യത്യാസവും കെഎസ്ഇബി-വാട്ടർ അതോറിറ്റി സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിലെ ചെലവും കൂടി കണക്കിലെടുത്ത് 9,37,55,229 കോടി രൂപ നീക്കിവെച്ചു. അതായത് പുളിക്കൽ പാലം നിർമ്മാണം ഉൾപ്പെടെയുള്ള പ്രഥമഘട്ട പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് ചെലവാക്കുന്ന തുക 9.37 കോടി മാത്രമാണ്. ഇതിൽ തന്നെ പാലത്തിനും ഒപ്പം 25.68 മീറ്റർ പാലത്തിനൊപ്പം അപ്രോച് റോഡ് അടക്കം നവീകരിച്ചതിനും മാത്രമായി 3.4 കോടി രൂപയാണ് ചെലവായത്.
ഈ വസ്തുത നിലനിൽക്കെ പുളിക്കൽ പാലം നിർമാണത്തിന് 60 കോടി ചെലവായെന്നുള്ള പ്രചാരണങ്ങൾ പൂർണമായും വാസ്തവരഹിതമാണ്. ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ വികസന പ്രവർത്തനങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കങ്ങൾ ജനങ്ങൾ കരുതലോടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധ പ്രവർത്തിയാണ്.