സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത
'മന്ത്രിമാരുടെ നിത്യ ചെലവിന് പണമില്ല, വൈദ്യുതി ചാർജ്ജ് വർധിപ്പിക്കണമെന്ന് വിജയൻ'- ഈ പ്രസ്താവനയോട് കൂടിയ വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മുഖ്യമന്ത്രിയുടെ മുഖചിത്രമടക്കം ചേർത്താണ് പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല.
ഏതെങ്കിലും ചാനലിന്റെ പേരോ ലോഗോയോ മറ്റ് വിവരങ്ങളോ ചേർക്കാതെ തയാറാക്കിയ പോസ്റ്റും ചിത്രവും വ്യജവാർത്ത പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തിൽ സൃഷ്ടിച്ചെടുത്തതാണ്. ഡിസംബർ ആദ്യവാരത്തോടെയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നത്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബി സമർപ്പിച്ച നിരക്കു വർധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു, പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവും, വർധിച്ചുവരുന്ന പ്രവർത്തന പരിപാലന ചെലവും കൂടികണക്കിലെടുത്താണ് വൈദ്യുത നിരക്ക് റെഗുലേറ്ററി കമ്മീഷൻ പരിഷ്‌കരിച്ചത്. അതായത് വൈദ്യുതി നിരക്കിൽ മുഖ്യമന്ത്രിയോ മന്ത്രിയോ അല്ല പകരം റെഗുലേറ്ററി കമ്മീഷൻ ആണ് നിരക്ക് തീരുമാനിക്കുന്നത്. ഈ വിഷയത്തിൽ വ്യാജവാർത്തകളിൽ ആരോപിക്കുന്നത് പോലെ മുഖ്യമന്ത്രി ഇടപെടേണ്ട സാഹചര്യമില്ല.
വിവിധ മാധ്യമങ്ങളിൽ നിരക്ക് പരിഷ്‌കരണം സംബന്ധിച്ച യഥാർത്ഥ വസ്തുതയും വിവരങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് പരിശോധിച്ചാൽ ജനങ്ങൾക്ക് വ്യക്തത കൈവരാവുന്നതെയുള്ളു. സർക്കാരിലുള്ള വിശ്വാസം തകർക്കാൻ ഇത്തരത്തിൽ പടച്ചുവിടുന്ന പോസ്റ്റുകളിലുള്ള യാഥാർത്ഥ്യം പൊതുജനം തിരിച്ചറിയേണ്ടതുണ്ട്. വ്യാജവാർത്തകൾ തയാറാക്കുന്നത് പോലെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.