ഓണ്‍ലൈന്‍ നിക്ഷേപങ്ങളില്‍ ജാഗ്രത പാലിക്കുക
വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. കേരള പോലീസ് പറയുന്നത് ശ്രദ്ധിക്കുക.
സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവര്‍ക്ക് പണം ലഭിച്ചു എന്ന തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.
തുടര്‍ന്ന് ഏതെങ്കിലും വ്യാജ വെബ്സൈറ്റ് കാണിച്ച് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. ഇതോടെ തട്ടിപ്പുകാരില്‍ ഇരകള്‍ക്ക് കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീന്‍ഷോട്ട് നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്.
പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ തട്ടിപ്പുകാര്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകംതന്നെ വിവരം 1930ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.