അശ്രദ്ധമൂലം റോഡപകടം : ശിക്ഷാ കാലാവധി പരിഷ്‌ക്കരിച്ചു

അശ്രദ്ധമൂലമുണ്ടാകുന്ന റോഡപകടത്തില്‍ മരണം സംഭവിച്ചാലുളള ശിക്ഷ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുളള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം ചുവടെ നല്‍കുന്നു. 


നമ്മുടെ രാജ്യത്ത് നിലവിലിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം പരിഷ്‌കരിച്ചതിന്റെ ഭാഗമായി ഭാരതീയ ന്യായ സംഹിത പ്രകാരം ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം നടക്കുന്ന അപകടത്തിന്റെ കാരണക്കാരായവരുടെ ശിക്ഷ കര്‍ശനമാക്കി. റോഡപകടങ്ങളില്‍ മരണമുണ്ടായാല്‍ കാരണക്കാരായ ഡ്രൈവര്‍മാര്‍ക്കുള്ള ശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരം 2 വര്‍ഷം വരെ തടവും പിഴയും ആയിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്. എന്നാല്‍ പുതുതായി പാര്‍ലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിതയിലെ 106 (1)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പരമാവധി 5 വര്‍ഷം തടവും പിഴയുമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ 106 (2) പ്രകാരം ഇത്തരം അപകടങ്ങള്‍ നടന്ന് പോലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നു കളയുകയും അപകടത്തില്‍പെട്ട വ്യക്തി മരണപ്പെടുകയും ചെയ്താല്‍ കാരണക്കാരനായ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഈ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്. 


നിരത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക, സുരക്ഷിതരാകുക.