നിപ : സംസ്ഥാനത്ത് പരിശോധിക്കാന്‍ സൗകര്യമുണ്ട്

നിപ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിച്ച് സ്ഥിരീകരിക്കാനുളള സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് മെഡിക്കൽ കോളജിൽ ബിഎസ്എൽ ലെവൽ 2 ലാബ് എന്നിവയാണവ. ഓരോ വൈറസുകളെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) തരംതിരിച്ചിട്ടുണ്ട്. നിപയുടെ വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് 70 ശതമാനത്തിൽ മുകളിലാണ്. അതിനാൽ പ്രത്യേക മാർഗനിർദേശങ്ങൾ നിലവിലുണ്ട്. 2021 മുതൽ സജ്ജമാക്കിയ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുളള കോഴിക്കോട് ലാബിലാണ് കഴിഞ്ഞ ദിവസം നിപ വൈറസ് ബാധ സംശയമുളളവരുടെ സ്രവങ്ങൾ ആദ്യം പരിശോധിച്ചത്. അത് പോസറ്റീവ് ആയതിനെതുടർന്നാണ് ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. അത്യന്തം അപകടകരമായ വൈറസായതിനാൽ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുളള സ്ഥിരീകരണത്തെ മാത്രമേ ഔദ്യോഗികമായി കാണാവൂ എന്നാണ് ഐസിഎംആറിന്റെ മാർഗനിർദേശം. 


കേരളത്തിൽ എന്നല്ല, രാജ്യത്ത് ഏത് സംസ്ഥാനത്തും നിപ രോഗം കണ്ടെത്തിയാൽ അത് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് പൂനെയിൽ നിന്നാണ്. അത് സാങ്കേതികം മാത്രമാണ്. സാമ്പിൾ ലഭിച്ചാൽ 12 മണിക്കൂറിനുളളിൽ തന്നെ ഫലം ലഭിക്കാൻ സാധിക്കുന്ന സംവിധാനം കേരളത്തിലുണ്ട്. ഒരിടവേള കഴിഞ്ഞുളള രോഗബാധ ആയതിനാലാണ് പൂനൈയിൽ നിന്നുളള സ്ഥിരീകരണത്തിനായി കാത്തിരുന്നത്. തുടർന്നുളള കേസുകളിൽ സംസ്ഥാനത്തെ ലാബുകളിൽതന്നെ പരിശോധിച്ച് വൈറസ് ബാധയുണ്ടോന്ന് സ്ഥിരീകരിക്കുന്നതാണ് എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് പുതിയ ലാബിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ കേരളത്തിലെ ലാബുകളിൽ പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കുന്നതിന് അനുമതിക്കുവേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണ്.