ഭക്ഷ്യക്കിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന വാര്‍ത്ത തെറ്റ്

സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന രീതിയിലുള്ള പ്രചാരണം  തെറ്റാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ ചിലര്‍ ആറു മാസമായി തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവരുമാണെന്ന് പൊതുവിതരണ വെബ്‌സൈറ്റില്‍ നിന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കുടുംബങ്ങളുടെ മുന്‍ഗണനാ പദവിയുടെ അര്‍ഹത സംബന്ധിച്ച് പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 


ഏകദേശം മുപ്പതിനായിരത്തിലേറെ കുടുംബങ്ങളാണ് ആറു മാസമായി റേഷന്‍ വാങ്ങാതെയും ഭക്ഷ്യക്കിറ്റ് വാങ്ങാതെയും ഉള്ളതായി കണ്ടെത്തിയത്. മുന്‍ഗണനാ പദവി ഉണ്ടായിട്ടും അവരുടെ അര്‍ഹതപ്പെട്ട വിഹിതം വാങ്ങാതെ ലാപ്‌സാക്കി കളയുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ധാരാളം കുടുംബങ്ങളോട് കാട്ടുന്ന അനീതിയാണ്. ഇത്തരക്കാരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അവര്‍ അര്‍ഹതയില്ലാത്തവരാണെങ്കില്‍ അവരെ നീക്കി പകരം അര്‍ഹതപ്പെട്ട പുതിയ കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.


മേല്‍ പറഞ്ഞപ്രകാരം റേഷന്‍ വാങ്ങാത്തവരുടെയും അതിജീവനക്കിറ്റ് വാങ്ങാത്തവരുടെയും പട്ടിക എല്ലാ റേഷന്‍ കടകളിലും വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. റേഷന്‍ വാങ്ങാത്തതു സംബന്ധിച്ച് പ്രസ്തുത കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി അവര്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ അതുകൂടി കണക്കിലെടുത്ത് മാത്രമേ ഈ വിഷയത്തില്‍ തീരുമാനം എടുക്കുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു.