പൊതുവിഭാഗക്കാർക്ക് വനിതാ വികസന കോർപറേഷൻ വായ്പയില്ലെന്നത് വ്യാജപ്രചാരണം
വായ്പാപരിധി മൂന്നുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തി
പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കുന്നില്ല എന്നത് വ്യാജപ്രചാരണമാണ്. 2000-01 മുതൽ ഇതുവരെ പൊതു (മുന്നാക്ക) വിഭാഗത്തിൽപ്പെട്ട 4551 പേർക്കായി 8453.99 ലക്ഷം (84.5 കോടി രൂപ) രൂപയുടെ സ്വയം തൊഴിൽ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് വനിതാ വികസന കോർപറേഷൻ വ്യക്തമാക്കി.
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ വിവിധ കേന്ദ്ര ധനകാര്യ കോർപ്പറേഷനുകളുടെ (NBCFDC, NMDFC, NSFDC, NSTFDC, NSKFDC) സംസ്ഥാനത്തെ ചാനലൈസിംഗ് ഏജൻസിയാണ്. അവയുടെ വ്യക്തിഗത സ്വയംതൊഴിൽ വായ്പ പദ്ധതികളും ലഘു വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപറേഷൻ നടപ്പാക്കുന്നുണ്ട്. അതിലേക്ക് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേർത്ത് ഈ കോർപറേഷനുകളുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച്, പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകൾക്കാണ് വായ്പകൾ അനുവദിച്ചുവരുന്നത്.
പൊതുവിഭാഗത്തിന് ഇത്തരത്തിൽ കേന്ദ്ര ധനകാര്യ വികസന കോർപറേഷനുകൾ വായ്പ കൊടുക്കുന്ന പദ്ധതികൾ ഇല്ല. അതേസമയം, സംസ്ഥാന സർക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകൾക്കുള്ള വ്യക്തിഗത സ്വയംതൊഴിൽ വായ്പ പദ്ധതി സംസ്ഥാന വനിതാ വികസന കോർപറേഷൻ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതിന് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുണ്ട്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെയും വനിതാ വികസന കോർപറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2000-01 മുതൽ ഇതുവരെ പൊതു (മുന്നാക്ക )വിഭാഗത്തിൽപ്പെട്ട 4551 പേർക്കായി 8453.99 ലക്ഷം (84.5 കോടി രൂപ) രൂപയുടെ സ്വയം തൊഴിൽ വായ്പ അനുവദിച്ചിട്ടുണ്ട്.
വസ്തുതകൾ ഇതായിരിക്കെ വനിതാ വികസന കോർപറേഷനിൽ നിന്ന് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും പൊതു വിഭാഗത്തിൽപ്പെട്ടവർക്കും ഹിന്ദുകൾക്കും വായ്പകൾ അനുവദിക്കുന്നില്ലായെന്നും വ്യാപകമായ ദുഷ്പ്രചരണങ്ങൾ സോഷ്യൽ മീഡിയ മുഖേന നടക്കുകയാണ്. ഇതെല്ലാം വസ്തുതാവിരുദ്ധമാണ്.
ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ വികസന കോർപറേഷൻ അറിയിച്ചിട്ടുണ്ട്.