കൽപ്പറ്റയിലെ ടൗൺഷിപ്പ്: മാതൃകാ വീടിനെക്കുറിച്ചുള്ള പ്രചാരണങ്ങളുടെ യാഥാർത്ഥ്യം!


വയനാട് കൽപ്പറ്റ ടൗൺഷിപ്പിൽ നിർമ്മിച്ച മാതൃകാ വീടിനെക്കുറിച്ചും പുനരധിവാസ പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുമുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപിക്കുന്നു.പദ്ധതിയുടെയും മാതൃകാ വീടിന്റെയും യഥാർത്ഥ വിവരങ്ങൾ മറച്ചുപിടിച്ച് സർക്കാരിനെ പൊതുജനങ്ങൾക്ക് മുന്നിൽ അധിക്ഷേപിക്കുന്ന നീക്കമാണ് സോഷ്യൽമീഡിയ പേജുകളിൽ കാണുന്നതെന്ന് റവന്യു മന്ത്രി അറിയിച്ചു.



പുനരധിവാസ ടൗൺഷിപ്പ് - പ്രധാന വിവരങ്ങൾ:


സർക്കാർ ധനസഹായത്തോടെയുള്ള സമ്പൂർണ്ണ ടൗൺഷിപ്പ് പദ്ധതിയാണിത് (EPC - Engineering, Procurement, Construction).


റെസിഡൻഷ്യൽ യൂണിറ്റുകൾ: 410 വീടുകൾ.


സാമൂഹ്യ സൗകര്യങ്ങൾ: ഒരു സ്മാരകം, അങ്കണവാടി, കമ്മ്യൂണിറ്റി സെന്റർ, ഓപ്പൺ എയർ തിയേറ്റർ, ആരോഗ്യ കേന്ദ്രവും ലാബും, മാർക്കറ്റ്, ഫുട്‌ബോൾ ഗ്രൗണ്ട് തുടങ്ങിയവ ഉൾപ്പെടുന്നു.


മറ്റ് സൗകര്യങ്ങൾ: 11.42 കി.മീ റോഡുകൾ, ജലസംഭരണികളും മലിനജല ശുദ്ധീകരണ പ്ലാന്റുകളും, ഭൂഗർഭ കേബിളിംഗ്, തെരുവ് വിളക്കുകൾ, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയിൽ ഒരുക്കിയിരിക്കുന്നത്.




മാതൃകാ വീടിന്റെ സവിശേഷതകൾ:


നിർമ്മാണ നിലവാരം: ഈട്, സുരക്ഷ, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷി എന്നിവ ഉറപ്പാക്കിയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.


ഘടന: ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള RCC ഫ്രെയിം ചെയ്ത ഘടന, തേയിലച്ചെടികളുടെ വേരുകൾ ഒഴിവാക്കി 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ ആഴത്തിലുള്ള അടിത്തറ, ഷിയർ ഭിത്തികൾ, RCC സ്ലാബ് മേൽക്കൂര എന്നിവയാണ് പ്രധാന സവിശേഷതകൾ.


ഫിനിഷിംഗ്: ഗുണമേന്മയുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ, ഏഷ്യൻ പെയിന്റ്‌സിന്റെ 7 വർഷം വാറന്റിയുള്ള പെയിന്റുകൾ, വാട്ടർപ്രൂഫിംഗ്, കജരിയയുടെയും ഗ്രാനൈറ്റിന്റെയും ടൈലിംഗ് എന്നിവ ഉപയോഗിച്ചിരിക്കുന്നു.


കതകുകളും ജനലുകളും: 20 വർഷം വാറന്റിയുള്ള UPVC ജനലുകൾ, ടാറ്റാ പ്രവേഷ് സ്റ്റീൽ ഡോറുകൾ, 10 വർഷം വാറന്റിയുള്ള FRP ടോയ്ലറ്റ് കതകുകൾ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.


ഇലക്ട്രിക്കൽ & പ്ലംബിംഗ്: FRLSH-ഗ്രേഡ് V-ഗാർഡ് വയറിംഗ്, MK ഹണിവെൽ സ്വിച്ചുകൾ, CERA-യുടെ 10 വർഷം വാറന്റിയുള്ള ബാത്‌റൂം ഫിക്‌സ്ചറുകൾ, ഊർജ്ജക്ഷമതയുള്ള ഫാനുകളും ലൈറ്റുകളും, എ.സി, വാട്ടർ ഹീറ്റർ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.


ചെലവ്: ഒരു വീടിന്റെ അടിസ്ഥാന നിർമ്മാണച്ചെലവ് ഏകദേശം 22,00,000/- ആണ്. GST, മറ്റു ചെലവുകൾ എന്നിവ ഉൾപ്പെടെ ഒരു യൂണിറ്റിന് ഏകദേശം 26,95,000/- ആണ് മൊത്തം ചെലവ്.



ഒന്നോ രണ്ടോ വീടുകൾ മാത്രം നിർമ്മിച്ച് ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. അതീവ ശ്രദ്ധയും സമയമെടുക്കുന്നതുമായ നിർമ്മാണ പ്രക്രിയയാണ് ഈ ടൗൺഷിപ്പ് പദ്ധതിയിൽ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. ഈ പദ്ധതി പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ ശാശ്വതമായി പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ അടിയുറച്ച പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും മന്ത്രി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.