An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 17th November 2026

വ്യാജവും അംഗീകാരമില്ലാത്തതുമായ അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്‌സുകൾക്കെതിരെ ജാഗ്രത വേണം

അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിൽ ദേശീയ കമ്മിഷന്റെയോ സംസ്ഥാന കൗൺസിലിന്റെയോ അംഗീകാരമുണ്ടെന്നും, സർക്കാർ അംഗീകൃത കോഴ്‌സാണെന്നും അവകാശപ്പെട്ട് വിവിധ കോഴ്‌സുകളുടെയും പരിശീലന പരിപാടികളുടെയും പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇവ പൂർത്തിയാക്കിയാൽ പ്രൊഫഷണൽ രജിസ്‌ട്രേഷനോ സർക്കാർ ജോലിയോ ലഭിക്കുമെന്നും പരസ്യങ്ങളിൽ അവകാശപ്പെടുന്നു. ഈ പ്രചരണങ്ങൾ ഔദ്യോഗികമായി പരിശോധിച്ച് ഉറപ്പാക്കാതെ വിശ്വസിക്കരുതെന്ന് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ അംഗീകാരവും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയും ഉണ്ടെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. സർവകലാശാലകളുടെയോ മറ്റ് അധികാരികളുടെയോ അംഗീകാരമുണ്ടെന്ന അവകാശവാദങ്ങളും, പ്രൊഫഷണൽ രജിസ്‌ട്രേഷൻ/സർക്കാർ ജോലി എന്നിവ ലഭിക്കുമെന്ന ഉറപ്പുകളും ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് സ്ഥിരീകരിക്കണം.

ദേശീയ കമ്മിഷൻ നിലവിൽ 18 പാഠ്യപദ്ധതികൾ മാത്രമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഇതിൽ 4 അല്ലെങ്കിൽ 5 വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്‌സുകൾ, 2 അല്ലെങ്കിൽ 2.5 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകൾ, പി.ജി., പി.എച്ച്.ഡി. കോഴ്‌സുകൾ എന്നിവ മാത്രമാണ് ഉൾപ്പെടുന്നത്. ദേശീയ കമ്മിഷൻ പ്രസിദ്ധീകരിച്ച അംഗീകൃത പാഠ്യപദ്ധതികൾക്ക് അനുസൃതമായ കോഴ്‌സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾ പുരോഗമിച്ചുവരികയാണ്. റഗുലേഷൻ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി kesahc.kerala.gov.in, ncahp.abdm.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കുക. 

അവകാശവാദങ്ങൾ മാത്രമുള്ള വ്യാജ പരസ്യങ്ങളിൽ വീഴാതെ, ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി അംഗീകാരം ഉറപ്പാക്കിയ ശേഷമേ അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്‌സുകളിൽ പ്രവേശനം നേടാവൂ.

ഈ വാർത്ത പങ്കുവെക്കുക: