'കേരള സർക്കാരിന്റെ നിലനിൽപ്പ് ലോട്ടറി വിൽപ്പനയിലൂടെയോ ?'; വസ്തുത പരിശോധിക്കാം
'സംസ്ഥാന സർക്കാർ നിലനിന്ന് പോകുന്നത് ലോട്ടറി വിൽപ്പന നടത്തിയാണ്', 'സമ്മാനത്തുകയുടെ പകുതിയോളം നികുതിയായി പിരിച്ചെടുക്കുന്നു' തുടങ്ങിയ കേരള ലോട്ടറിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്.2024-2025 സാമ്പത്തിക വർഷം ലോട്ടറി വകുപ്പ് നേടിയത് 13,244 കോടി രൂപയാണ്. എന്നാൽ, ചെലവ് ഇനത്തിലുള്ള 12,222 കോടി രൂപ മാറ്റി നിർത്തിയാൽ വകുപ്പിനുണ്ടായ യഥാർത്ഥ ലാഭം 1,022 കോടി രൂപ മാത്രമാണ്.ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന ഈ 1,022 കോടി ലാഭവരുമാനം സംസ്ഥാനത്തിന്റെ തനത് വരുമാനത്തിന്റെ 1% മാത്രമാണ്. മൊത്തം ബജറ്റിന്റെ അരശതമാനം പോലും വരുന്നില്ല ഇത്.
ലോട്ടറി വകുപ്പിന്റെ നടത്തിപ്പ് സംസ്ഥാനത്തെ മറ്റ് ഭരണ വകുപ്പുകളെക്കാൾ ചെലവേറിയതാണ്. ടിക്കറ്റിന്റെ സമ്മാനത്തുകയിനത്തിൽ വരുമാനത്തിന്റെ 60 ശതമാനത്തോളം ചെലവാകുന്നു. വിൽപ്പനക്കാരുടെ കമ്മീഷൻ, ഏജന്റുമാരുടെ ശതമാന വിഹിതം, പരസ്യ ചെലവുകൾ, 500-ഓളം സർക്കാർ ജീവനക്കാരുടെ ശമ്പളം, ജില്ലാ അടിസ്ഥാനത്തിൽ ഓഫീസുകൾ നടത്തിപ്പിനുള്ള ചെലവ് എന്നിവയെല്ലാം ലോട്ടറി ടിക്കറ്റ് വരുമാനത്തിലെ പ്രധാന ചെലവുകളാണ്.
ഒരു സർക്കാർ വകുപ്പായതുകൊണ്ട് ലോട്ടറിയിലേക്ക് വരുന്ന എല്ലാ പണവും വരുമാനമായി ബജറ്റ് രേഖയിലുണ്ടാകും. നികുതിയേതര വരുമാനത്തിലാണ് ഇത് കാണിക്കുന്നത്. ഈ പണം നേരിട്ട് ട്രഷറിയിലേക്കാണ് എത്തുന്നത്. ലോട്ടറി വിൽപ്പനയിലൂടെ ലഭിക്കുന്ന ഈ ചെറിയ ലാഭവിഹിതം സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ഘടനയിൽ നിർണായകമായ ഒരു സ്വാധീനം ചെലുത്തുന്നില്ല. അതിനാൽ, 'സംസ്ഥാന സർക്കാർ ലോട്ടറി വിൽപ്പന നടത്തിയാണ് നിലനിന്ന് പോകുന്നത്' എന്ന പ്രചാരണം തെറ്റാണ്.
സമ്മാനത്തുകയുടെ പകുതിയോളം നികുതിയിനത്തിൽ പിരിച്ചെടുക്കുന്നു. ഈ ആരോപണവും വസ്തുതാവിരുദ്ധമാണ്. സമ്മാനത്തുകയിൽ നിന്ന് നികുതി പിരിക്കുന്നത് സംസ്ഥാന സർക്കാർ അല്ല, മറിച്ച് കേന്ദ്ര സർക്കാരാണ്.ലോട്ടറി സമ്മാനം ലഭിക്കുന്നയാൾ ആദായ നികുതി (Income Tax) നൽകേണ്ടി വരും. ഈ നികുതി പിരിക്കുന്നത് കേന്ദ്ര സർക്കാരാണ്. ലോട്ടറി സമ്മാനത്തുകയുടെ ഏജന്റ് കമ്മീഷൻ (10%) കഴിഞ്ഞ് ബാക്കി സമ്മാനത്തുകയുടെ 30% കേന്ദ്രത്തിനാണ് ലഭിക്കുന്നത്. ജി.എസ്.ടി. വിഹിതമായും സമ്മാനത്തുകകളുടെ ആദായ നികുതിയായും കേന്ദ്രസർക്കാരിലേക്കെത്തുന്നു.
പ്രായമായവർ, ഭിന്നശേഷിക്കാർ, ഹൃദ്രോഗം ബാധിച്ച് കഠിന ജോലികൾ ചെയ്യാൻ സാധിക്കാത്തവർ തുടങ്ങി നിരാംലബരായ ഒരു ലക്ഷം മനുഷ്യർക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്ന ഒരു സർക്കാർ സംവിധാനമാണ് ലോട്ടറി വകുപ്പ്.കാരുണ്യ ബെനവലന്റ് ഫണ്ട്: സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി ചേർന്ന് ലോട്ടറി വകുപ്പ് നടപ്പാക്കുന്ന 'കാരുണ്യ ബെനവലന്റ് ഫണ്ട്', സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് വലിയ താങ്ങാണ്. ക്യാൻസർ, വൃക്ക-ഹൃദ്രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് ഈ പദ്ധതി സാമ്പത്തിക പിന്തുണ നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2,37,986 ഡയാലിസിസുകൾ, 83,216 കീമോതെറാപ്പികൾ, 16,525 ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ എന്നിവ ഈ പദ്ധതിയിലൂടെ സൗജന്യമായി നടത്തിയിട്ടുണ്ട്. ഇതുവരെ ആകെ 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.
ലോട്ടറി വകുപ്പ് നിലനിർത്തുന്നത് സാധാരണക്കാർക്ക് ഇത്തരം സഹായങ്ങളും ഉപജീവനമാർഗ്ഗങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ്. തെറ്റിദ്ധാരണകൾക്ക് വഴിനൽകാതെ, വസ്തുതകളെ അടിസ്ഥാനമാക്കി കാര്യങ്ങൾ വിലയിരുത്തണം.