വ്യാജ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ; ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക


പ്രമുഖ ഓൺലൈൻ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകൾ വൻ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോട് അനുബന്ധിച്ച് ഈ അവസരം മുതലെടുത്ത് വ്യാജ ഷോപ്പിംഗ് സൈറ്റുകൾ സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകി ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കാൻ സാധ്യതയുണ്ട്.


ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്‌സൈറ്റ് പോലെ തോന്നിക്കുന്നവയായിരിക്കും വ്യാജ സൈറ്റുകൾ. അതിനാൽ, വെബ്‌സൈറ്റ് വിലാസം (URL) സൂക്ഷ്മമായി പരിശോധിക്കുക. വിലാസത്തിൽ ചെറിയ അക്ഷരത്തെറ്റുകളോ അധിക ചിഹ്നങ്ങളോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, 'amazon.com' എന്നതിന് പകരം 'amaz0n.com' എന്നോ 'https://www.google.com/search?q=amazon-offers.com' എന്നോ ഒക്കെയാവാം വ്യാജ സൈറ്റുകളുടെ വിലാസം.


വാട്ട്‌സാപ്പ്, എസ്.എം.എസ്, സാമൂഹ്യ മാധ്യമങ്ങൾ, ഇ-മെയിൽ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിൽ പ്രവേശിക്കരുത്. പകരം, നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന യഥാർത്ഥ വെബ്‌സൈറ്റിന്റെ ഔദ്യോഗിക വിലാസം ടൈപ്പ് ചെയ്ത് നേരിട്ട് പ്രവേശിക്കുക.


അമിതമായി വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും (ഉദാഹരണത്തിന്, ഉപഭോക്തൃ അവലോകനങ്ങൾ, വെബ്‌സൈറ്റിന്റെ കോൺടാക്റ്റ് വിവരങ്ങൾ, രജിസ്‌ട്രേഷൻ വിശദാംശങ്ങൾ) പരിശോധിച്ച ശേഷം മാത്രമേ ഓർഡർ നൽകാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ.


സുരക്ഷിതമായ പേയ്മെന്റ് ഗേറ്റ്വേകൾ ഉപയോഗിക്കുക. സാധിക്കുമെങ്കിൽ ഡെലിവറിക്ക് ശേഷം പണം നൽകാനുള്ള (Cash on Delivery) ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ വിളിച്ച് പോലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.


Tags: