TOD ബില്ലിംഗ് സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണകൾ
വൈദ്യുതി ഉപഭോക്താക്കൾക്കിടയിൽ TOD (Time of Day) ബില്ലിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റിദ്ധാരണകൾ ആണെന്ന് വൈദ്യുതി വകുപ്പ്. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയിരിക്കുന്നത്. TOD ബില്ലിംഗ് ആർക്കൊക്കെയാണ് ബാധകമെന്നും, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും, ഉപഭോക്താക്കൾക്ക് ഇതുവഴി ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. നിലവിൽ, താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്കാണ് TOD ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്:
* എല്ലാ ഹൈ ടെൻഷൻ (HT), എക്‌സ്ട്രാ ഹൈ ടെൻഷൻ (EHT) ഉപഭോക്താക്കൾ.
* 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ (LT) വ്യാവസായിക ഉപഭോക്താക്കൾ.
* പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ.
* ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് സമയ മേഖലകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബിൽ തയ്യാറാക്കുന്നത്.
* പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ബിൽ ചെയ്യുന്ന രീതി താഴെ പറയുന്നവയാണ്:
* T1 (രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ - 12 മണിക്കൂർ): ഈ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ താരിഫ് നിരക്കിനെക്കാൾ 10% കുറഞ്ഞ നിരക്ക് ആയിരിക്കും ഈടാക്കുക.
* T2 (വൈകുന്നേരം 6 മുതൽ രാത്രി 10 വരെ - 4 മണിക്കൂർ): ഈ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും.
* T3 (രാത്രി 10 മുതൽ രാവിലെ 6 വരെ - 8 മണിക്കൂർ): ഈ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ താരിഫ് നിരക്കിൽത്തന്നെ പണം നൽകിയാൽ മതിയാകും.
ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്‌സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം പകൽ സമയത്തേക്ക് (T1) മാറ്റുന്നതിലൂടെ ഗാർഹിക ഉപഭോക്താക്കൾക്ക് 35% വരെ പണം ലാഭിക്കാൻ കഴിയും.
TOD ബില്ലിംഗ് സംബന്ധിച്ച് നിലവിലുള്ള ചില പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കാനും ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ കുറയ്ക്കാനും സഹായിക്കുന്ന ഒരു സംവിധാനമാണിതെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.