ഡിസംബർ 26ന് സൂര്യ സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടയ്ക്കുമെന്നത് വ്യാജപ്രചാരണം


മണ്ഡല പൂജാദിനമായ 26ന് രാവിലെ സൂര്യഗ്രഹണം മൂലം ശബരിമല നട അടയ്ക്കും എന്നത് വ്യാജപ്രചരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മണ്ഡല പൂജാദിനത്തിൽ രാവിലെ ഏഴര മുതൽ 11 മണി വരെ ശബരിമല നട അടയ്ക്കും എന്നതരത്തിലാണ് സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്.


സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല 2019 ഡിസംബർ 26ന് ഗ്രഹണസമയത്ത് ക്ഷേത്രനട അടച്ചിട്ടിരുന്നു.സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന പോസ്റ്റുകളിലുള്ള വാർത്തകളൊക്കെ 2019ലെതാണ്. അന്ന് വിഷയത്തിൽ പുറത്തുവന്ന വാർത്തകളാണ് വീണ്ടും സോഷ്യൽമീഡിയയിൽ ഈ മണ്ഡലകാലത്തിന്റേതാണെന്ന വ്യാജേന പ്രചരിക്കുന്നത്.


തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് വൈകിട്ട് സന്നിധാനത്തെത്തുന്നതിനെതുടർന്ന് ഡിസംബർ 26നാണ് തങ്ക അങ്കി ചാർത്തി ഭഗവാന് മണ്ഡലപൂജ നടത്തുക. അതോടെ ഈ വർഷത്തെ മണ്ഡലവിളക്ക് ചടങ്ങുകൾ സമാപിക്കും. 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.

Tags: