.apk ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്; വ്യാജ സന്ദേശത്തിലൂടെ തട്ടിപ്പ്
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഇൻസ്റ്റാഗ്രാം, വാട്‌സ് ആപ്പ് , മെസ്സഞ്ചർ എന്നിവ വഴി ബാങ്കുകളുടെ പേരിലും, ക്രെഡിക്ട് കാർഡ് റെഡീം, റെയിൽവേ ടിക്കറ്റ് റീഫണ്ട് . KYC അപ്‌ഡേഷൻ, എന്ന പേരിലും തട്ടിപ്പുകാർ .apk ഫയലുകൾ വ്യാപകമായി അയക്കുന്നുണ്ട്.
ഇത്തരം .apk ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോട് കൂടി ഫോൺ ഹാക്ക് ചെയ്യപ്പെടാൻ ഇടവരുത്തും . അപരിചിതരുടെ നിർദ്ദേശ പ്രകാരം നിങ്ങളുടെ ഫോണിൽ യാതൊരു കാരണവശാലും എനിഡെസ്‌ക് പോലുള്ള സ്‌ക്രീൻ ഷെയറിങ് ആപ്പുകളോ .apk ഫയലുകളോ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ല .
റിവാർഡ് പോയിന്റുകൾ പോലുള്ള പ്രോത്സാഹനങ്ങളുടെ പേരിൽ ഇ-മെയിലിലൂടെയോ എസ്എംഎസുകളിലൂടെയോ അയയ്ക്കുന്ന .apk ഫയലുകൾ വഴി മൊബൈൽ/കമ്പ്വൂട്ടർ അടക്കം നിങ്ങളുടെ ഉപകരണത്തിന് കേടുപാടുകൾ വരുത്തുകയോ, ആക്ടിവിറ്റി നിരീക്ഷിക്കുന്ന സ്‌പൈവെയറോ ഫയലുകൾ ലോക്ക് ചെയ്യുന്ന റാൻസംവെയറോ കടത്തിവിടുകയോ, ലോഗിൻ വിവരങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിങ്ങനെ വ്യക്തിവിവരങ്ങളും അക്കൗണ്ടും മോഷ്ടിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. മുതിർന്ന പൗരന്മാരെയാണ് ഇത്തരം തട്ടിപ്പുകൾ ലക്ഷ്യമിടുന്നത്.
.apk എന്നറിയപ്പെടുന്ന ആൻഡ്രോയിഡ് പാക്കേജ് കിറ്റ്, ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഒരു ഫയൽ ഫോർമാറ്റാണ്. ഒരു .apk ഫയൽ തന്നെ ദോഷകരമല്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഫയലുകളും .apk ഫോർമാറ്റിലാണ്. എന്നിരുന്നാലും, ഫയലിന്റെ സുരക്ഷ അതിന്റെ ഉറവിടത്തെ ആശ്രയിച്ചിരിക്കുന്നു.നിങ്ങൾ അവ എവിടെ, എങ്ങനെ ഡൗൺലോഡ് ചെയ്യുന്നു എന്നതിലാണ് അപകടസാധ്യത. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആളുകൾ പലപ്പോഴും ഈ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നു. ഇത് വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു, അത് അപകടസാധ്യതയുള്ളതാണ്. ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ 1930ൽ വിളിച്ചോ, www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.