സ്‌ക്രാച്ച്കാർഡിൽ 5000 രൂപ ക്യാഷ്ബാക്കില്ല- യുപിഐ പേയ്‌മെന്റ് ആപ്പിന്റെ പേരിലും തട്ടിപ്പ്
യുപിഐ പേയ്‌മെന്റ് ആപ്പായ ഫോൺപേ ഉപയോക്താക്കൾക്ക് 5000 രൂപ ക്യാഷ്ബാക്ക് നൽകുന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റുകളും ലിങ്കുകളും പ്രചരിക്കുന്നു. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ക്യാഷ്ബാക്ക് ഓഫർ നേടാനാകുമെന്നാണ് അവകാശപ്പെടുന്നത്. ഫോൺപേയുടെ ചിത്രമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് അതിൽ കാണുന്ന സ്‌ക്രാച്ച് കാർഡ് ഉപയോഗിച്ചാൽ പണം ലഭിക്കുമെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വമ്പൻ തട്ടിപ്പിന്റേതാണ്.
ഫോൺപേയോ മറ്റ് പ്രമുഖ യുപിഐ ആപ്ലിക്കേഷനുകളോ മറ്റ് വെബ്‌സൈറ്റുകൾ വഴി ക്യാഷ്ബാക്ക് ഓഫറുകൾ നൽകാറില്ല. പ്രചാരത്തിലുള്ള പോസ്റ്റിലെ പ്രൊഫൈൽ ചിത്രം ഫോൺപേയുടേതാണ് പക്ഷെ പ്രൊഫൈൽ നെയിം പരിശോധിച്ചാൽ phnppe caxbcak എന്ന് തെറ്റായിട്ടാണ് നൽകിയിരിക്കുന്നത്. ഇതിനുള്ളിൽ നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അത് മറ്റൊരു വെബ്‌സൈറ്റിലേക്കാണ് പോകുന്നത്. അതിനകത്ത് 700 രൂപവരെ ക്യാഷ്ബാക്ക് ലഭിച്ചതായുള്ള അഭിനന്ദനസന്ദേശവും ഒപ്പം ക്ലെയിം ചെയ്യാൻ സ്‌ക്രാച്ച് ചെയ്യാനുള്ള ബോക്‌സും കാണാം. ഇതിലും അകപ്പെട്ട് സ്‌ക്രാച്ച് ചെയ്യാൻ തയാറായാൽ മറ്റൊരു ലിങ്കിൽ എത്തിച്ചേരും ഒരിക്കലും ക്ലിക്ക് ചെയ്ത് പണം ക്ലെയിം ചെയ്യാനുള്ള സംവിധാനം ലിങ്കിൽ ആക്ടീവായിരിക്കില്ല.
ഇത്തരത്തിൽ ഫോൺപേയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ലിങ്ക് സഹിതം എസ്എംഎസ് സന്ദേശമോ സോഷ്യൽമീഡിയ പോസ്‌റ്റോ ലഭിച്ചാൽ ജാഗ്രത പുലർത്തണം, യുപിഐ പിൻ നൽകാൻ ആവശ്യപ്പെടുന്ന എല്ലാ സന്ദേശവും അവഗണിക്കേണ്ടതാണെന്ന മുന്നറിയിപ്പും ഔദ്യോഗികമായി ഫോൺപേ പുറത്തിറക്കിയിട്ടുണ്ട്. ക്യാഷ്ബാക്ക് ഓഫറുകളിലൂടെയും സ്‌ക്രാച്ച്കാർഡുകളിലൂടെയും റിവാർഡുകൾ നേടാമെന്ന വാഗ്ദാനത്തോടെയാണ് തട്ടിപ്പുസംഘങ്ങൾ ഉപയോക്താക്കളെ വലയിലാക്കുന്നത്. ഫോൺപേ അടക്കമുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ പിൻ ചോദിച്ചോ ലിങ്കുകൾ ക്ലിക്ക് ചെയ്‌തോ ക്യാഷ്ബാക്ക് നൽകുന്നില്ല, പകരം കമ്പനി നേരിട്ട് അക്കൗണ്ടിലേക്കോ പേയ്‌മെന്റ് ആപ്പിന്റെ വാലറ്റിലേക്കോ പണം കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ അകപ്പെട്ട് വ്യക്തിവിവരങ്ങളും ബാങ്കിംഗ് രഹസ്യങ്ങളും പിൻകോഡുകളും നഷ്ടമാകാതിരിക്കാൻ ജനങ്ങൾ ജാഗ്രതപുലർത്തണം.