"സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്" വീണ്ടും തട്ടിപ്പു സന്ദേശം പ്രചരിക്കുന്നു
സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്നു എന്ന രീതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതേ വ്യാജസന്ദേശം 2022ൽ സമാന രീതിയിൽ ലിങ്കുകൾ സഹിതം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ തോതിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക പേജിലൂടെ തട്ടിപ്പുവാർത്തയെ കുറിച്ചുള്ള ജാഗ്രത നിർദ്ദേശം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അതെ ലിങ്കും സന്ദേശവുമാണ് വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നത്.
'എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക' എന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലോഗോ സഹിതമുള്ള വ്യാജസന്ദേശം പ്രചരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും സ്വകാര്യ ഡേറ്റ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അറിയിപ്പിലുള്ളത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ലിങ്ക് ക്ലിക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ക്ലിക്ക് ചെയ്താൽ പേരും മറ്റു വിവരങ്ങളും ടൈപ്പ് ചെയ്ത് ഒ.ടി.പി വഴി വിവരം സ്ഥിരീകരിക്കാനാണ് ആവശ്യപ്പെടുന്നത്.വിദ്യാർത്ഥികളും രക്ഷിതാക്കളും വിഷയത്തിൽ വഞ്ചിതരാകരുതെന്നും സമാനവിഷയത്തിൽ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ലോഗോയോടെയുള്ള ഇത്തരം തട്ടിപ്പുകൾ ഗൗരവമായി വകുപ്പ് വീക്ഷിക്കുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇത്തരം സന്ദേശങ്ങളിൽ ക്രിത്യത ഉറപ്പാക്കേണ്ടതുണ്ട്. ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ സന്ദേശത്തിന്റെ നിജസ്ഥിതി തിരിച്ചറിയാവുന്നതാണ്. ഔദ്യോഗിക ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടും സന്ദേശത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയാം.