ഒന്നല്ല, ആകെ 80 ചെക്ക്ഡാമുകൾ ഉണ്ട്


മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ നടയാറില്‍ നിര്‍മ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം- തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന ഒരു വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷന്‍ ഡയറക്ടര്‍ ദിവ്യ അയ്യര്‍ ഐ.എ.എസ്. അറിയിച്ചു. തൊഴിലുറപ്പു പദ്ധതി (MGNREGS) പ്രകാരം നടപ്പാക്കുന്ന ഒരു പ്രവൃത്തിയാണ് ഇത്. മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം തടഞ്ഞു നിര്‍ത്തി, കൃഷിക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കുമുള്ള ജലം പ്രദേശവാസികള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം.  ഗ്രാമപഞ്ചായത്താണ് പ്രവൃത്തി നടപ്പാക്കുന്നത്.


വീഡിയോയില്‍ പറയുന്നതു പോലെ, ഒരു ബ്രഷ് വുഡ് ചെക്ക് ഡാമിന്റെ നിര്‍മ്മാണത്തിനു വേണ്ടിയല്ല 4.26 ലക്ഷം രൂപ വകയിരുത്തിയിട്ടുളളത്. അത് ആകെ എസ്റ്റിമേറ്റ് തുകയാണ്. അഞ്ചു കിലോമീറ്റര്‍ ഭാഗത്ത് തോടിന്റെ നവീകരണവും 80 ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിര്‍മ്മാണവും പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിക്കു വേണ്ടി ഇതുവരെ 1.75 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇതില്‍ 1.73 ലക്ഷം രൂപ തൊഴിലാളികള്‍ക്കുളള വേതനമായി അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുളളതാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 596 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 


മൂന്നാര്‍ അത്യന്തം പരിസ്ഥിതിലോലപ്രദേശമായതു കൊണ്ടാണ് സിമന്റ്  നിര്‍മ്മിതികള്‍ ഒഴിവാക്കി, പ്രാദേശികവും പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കള്‍ ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇത്തരം ജനകീയപദ്ധതികള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരില്‍ പലരും പദ്ധതിയുടെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ അന്വേഷിക്കാനോ മനസ്സിലാക്കാനോ ശ്രമിക്കാത്തത് ഉചിതമല്ല. വ്യാജ പ്രചാരണങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണം.