ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണം; പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിലെ എല്ലാ സ്‌കോളർഷിപ്പുകളും സാമ്പത്തിക വർഷാവസാനത്തോടെ വിതരണം ചെയ്തിട്ടുണ്ടെന്നും, അക്കൗണ്ട് വിവരങ്ങളിലെ പിഴവുകളാണ് ചില വിദ്യാർത്ഥികൾക്ക് തുക ലഭിക്കാതെ പോയതിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.
കേന്ദ്രസർക്കാർ നൽകി വന്നിരുന്ന പ്രീ-മെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയതിനെ തുടർന്നാണ് കേരള സർക്കാർ 'മാർഗ്ഗദീപം' എന്ന പേരിൽ പുതിയ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്. 2024-25 സാമ്പത്തിക വർഷം ഈ പദ്ധതിക്കായി 20 കോടി രൂപയാണ് അനുവദിച്ചത്. ഒന്നാം തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. തെരഞ്ഞെടുത്ത 1,31,639 വിദ്യാർത്ഥികളിൽ 1,21,667 പേർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. അപേക്ഷകളിൽ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിലെ തെറ്റുകൾ കാരണം കുറച്ച് വിദ്യാർത്ഥികൾക്ക് തുക ലഭിച്ചിട്ടില്ല.
ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഒരു സുപ്രധാന ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് പ്രകാരം, ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ജനസംഖ്യാനുപാതികമായി മാത്രമേ സ്‌കോളർഷിപ്പ് നൽകാൻ സാധിക്കൂ. ഈ വസ്തുത മറച്ചുവെച്ചാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വിവിധ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കായി 2024-25 സാമ്പത്തിക വർഷം ആകെ 38.56 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. കേന്ദ്ര സർക്കാർ നിർത്തലാക്കിയ സ്‌കോളർഷിപ്പുകൾക്ക് പകരം സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തുക കണ്ടെത്തിയാണ് വിതരണം ചെയ്യുന്നത്. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി, വസ്തുതകൾ മനസ്സിലാക്കി ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്.