വെള്ളപ്പൊക്ക ദൃശ്യങ്ങൾ: കേരളത്തിലെന്ന് പ്രചരിക്കുന്ന വീഡിയോകൾ വ്യാജം
കേരളത്തിലെ റോഡുകളിലെ വെള്ളപ്പൊക്കത്തെയും തകർന്ന റോഡുകളെയും സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവ രണ്ടും കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങളല്ല.
കേരളത്തിലെ തകർന്ന റോഡിന്റെ ദൃശ്യങ്ങൾ, ഇത് എ.ഐ. (നിർമ്മിത ബുദ്ധി) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കേരളവുമായി ഈ വീഡിയോക്ക് യാതൊരു ബന്ധവുമില്ല.
പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ വെള്ളത്തിലൂടെ സോഫയിൽ ഒഴുകിപ്പോകുന്നയാളെ കാണാം. കേരളത്തിലെ ദേശീയപാതയിൽ നിന്നുള്ള വെള്ളപ്പൊക്ക ദൃശ്യം എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ വെള്ളത്തിലൂടെ സോഫയിൽ ഒഴുകിപ്പോകുന്ന ആളുടെ ഈ വീഡിയോയും കേരളത്തിലേതല്ല. ഇത് വ്യാജമായ പ്രചാരണമാണ്.
സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളും തെറ്റിദ്ധാരണജനകമായ ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കേരള ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ സ്രോതസ്സുകളെയും വിശ്വസനീയമായ മാധ്യമങ്ങളെയും ആശ്രയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കുക.