പേവിഷ പ്രതിരോധ കുത്തിവെപ്പ് ഫലപ്രദം; വ്യാജ പ്രചാരണങ്ങളിൽ വീഴരുത്
സംസ്ഥാനത്ത് പേവിഷബാധയെത്തുടർന്ന് മരണം നടന്ന സംഭവത്തിനു പിന്നാലെ 'ആരോഗ്യ വകുപ്പിന്റെ അനാസ്ഥ, പ്രതിരോധ വാക്‌സിൻ ഗുണനിലവാരമില്ലാത്തത്, 'കൈകാര്യം ചെയ്യുന്നതിൽ അപാകത, തുടങ്ങിയ നിരവധി തലക്കെട്ടുകളും പോസ്റ്റുകളുമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വായിച്ചാൽ ഏതൊരു വ്യക്തിയുടെയും മനസിൽ കുത്തിവെപ്പ് സംബന്ധിച്ച് ആശങ്കയും തെറ്റിദ്ധാരണയും സംശയവും ഉണ്ടാക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.
വൈറസ് നാഡികളിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് ചികിത്സ അസാധ്യമായ പേവിഷബാധ പോലെയുള്ള ഒരു രോഗത്തിൽ നിന്നും നൂറുകണക്കിന് ആളുകളെ രക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തനമാണ് നമ്മുടെ സർക്കാർ ആശുപത്രികളിൽ നൽകിവരുന്ന കുത്തിവയ്പുകൾ. മൃഗങ്ങളുടെ കടിയേറ്റാൽ ഉടനടി ആളുകൾ കുത്തിവെപ്പിന് വിധേയരാകുന്നതാണ്. നൂറുകണക്കിന് മനുഷ്യരെ അതിമാരകമായ വിപത്തിൽ നിന്നും സംരക്ഷിച്ചുനിർത്തുന്ന ഒരു പൊതുജനാരോഗ്യ മാർഗത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അപകടകരമായ പ്രവണതയാണ്.
വാക്‌സിന്റെ പ്രവർത്തനവും നിലവാരവും 2022ൽ സർക്കാർ വിദഗ്ധ സമിതിയെ വച്ച് പഠനം നടത്തി പരിശോധിച്ചതാണെന്ന് പറഞ്ഞ മന്ത്രി, പേവിഷബാധ പ്രതിരോധ വാക്‌സിന്റെ പഠനത്തെ കുറിച്ചുള്ള വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധയുടെ വിശദമായൊരു വീഡിയോയും തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചു.
ലിങ്ക് ചുവടെ : https://fb.watch/zpt2Pf7RX0/