ആശാവർക്കർമാർക്ക് കേന്ദ്രം മുഴുവന്‍ തുകയും നൽകിയെന്ന പ്രചാരണം വ്യാജം
ആരോഗ്യ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിന് തരാനുള്ള മുഴുവൻ തുകയും കേന്ദ്രം അനുവദിച്ചു എന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2023-24 വർഷത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം.) കേന്ദ്രം നൽകാനുള്ളത് 636.88 കോടി രൂപ ലഭ്യമാക്കിയിട്ടില്ല.ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും, സെക്രട്ടറി കേന്ദ്ര സെക്രട്ടറിക്കും, സ്റ്റേറ്റ് മിഷൻ നാഷണൽ മിഷനും കത്ത് അയച്ചിരുന്നു. ഇതിന് ഒക്ടോബർ 28ന് കേന്ദ്രം നൽകിയ മറുപടിയിലും കേന്ദ്രം കേരളത്തിന് 2023-24 വർഷത്തിൽ കേന്ദ്ര വിഹിതം നൽകാനുണ്ട് എന്നുള്ളത് വ്യക്തമാക്കിയിട്ടുള്ളതാണ്.
എൻഎച്ച്എമ്മിന്റെ ആശ ഉൾപ്പെടെയുള്ള സ്‌കീമുകൾക്കോ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾക്കോ 2023-24 സാമ്പത്തിക വർഷത്തിൽ തുക അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയിൽ ഇൻഫ്രാസ്ട്രക്ച്ചർ മെയിന്റനൻസിനും കൈൻഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി മാത്രമാണ് അനുവദിച്ചത്. എന്നാൽ ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ബാക്കി 636.88 കോടി അനുവദിച്ചിട്ടില്ലെന്നു മത്രമല്ല
കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ കേരളം സംസ്ഥാന വിഹിതമുപയോഗിച്ചാണ് എൻ.എച്ച്.എം. പദ്ധതികൾ മുന്നോട്ട് കൊണ്ട് പോയത്. കോ ബ്രാൻഡിംഗ് ഉൾപ്പെടെ കേന്ദ്രം നിർദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നെങ്കിലും ആ വർഷത്തെ ഫണ്ടനുവദിച്ചില്ല.
കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവർക്കർമാരുടെ ഇൻസെന്റീവ്, സൗജന്യ പരിശോധനകൾ, സൗജന്യ ചികിത്സകൾ, എൻഎച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്മെന്റ്, മരുന്നുകൾ, കനിവ് 108 ആംബുലൻസ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാവാതിരിക്കാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികൾ ഉൾപ്പെടെ നടത്തിയിരുന്നതെന്നിരിക്കെ മറിച്ചുള്ള ആക്ഷേപണങ്ങളും ആരോപണങ്ങളും ആരോഗ്യ രംഗത്തെ വളർച്ചയെ മുരടിപ്പിക്കാനും സർക്കാരിന്റെ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടുള്ള വ്യാജ പ്രചരണങ്ങൾ മാത്രമാണ്.